പോപ്‌കോണ്‍ പല്ലിനിടയില്‍ കുടുങ്ങി, ജീവന്‍ രക്ഷിക്കാന്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ

വെറുമൊരു പോപ്കോണ്‍ മൂലം ജീവന്‍ വരെ അപകടത്തിലാകുമെന്ന അവസ്ഥയില്‍ നിന്ന് കരകയറിയിരിക്കുകയാണ് ഒരു യുവാവ്. ബ്രിട്ടീഷ് സ്വദേശിയായ മാര്‍ട്ടിനാണ് അവിശ്വസനീയമായ അനുഭവം പങ്കുവച്ചിരിക്കുന്നത്. നാല്‍പത്തിയൊന്നുകാരനായ മാര്‍ട്ടിന്‍ കഴിഞ്ഞ സെപ്തബറില്‍ പോപ്കോണ്‍ കഴിച്ചതിനു ശേഷമാണ് സംഭവങ്ങളുടെ തുടക്കം.

പല്ലില്‍ കുടുങ്ങിയ പോപ്‌കോണ്‍ മൂലം തന്റെ ജീവന്‍ രക്ഷിക്കാനായി യുവാവിന് നടത്തേണ്ടി വന്നത് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ.മാര്‍ട്ടന്‍ പോപ്‌കോണ്‍ കഴിക്കുന്നതിനിടെ ഒരു കഷണം പല്ലിന്റെ ഇടയില്‍ കുടുങ്ങി. പലതരം വസ്തുക്കള്‍ ഉപയോഗിച്ച് മൂന്നു ദിവസം ശ്രമിച്ചിട്ടും പോപ്‌കോണ്‍ എടുക്കാന്‍ കഴിഞ്ഞില്ല. ടൂത്ത്പിക്, പേനയുടെ അടപ്പ്, വയറിന്റെ കഷണം ഇതെല്ലാം മാര്‍ട്ടന്‍ പല്ലില്‍ കുത്താന്‍ ഉപയോഗിച്ചിരുന്നു. ഇതോടെ മോണയില്‍ അണുബാധ ഉണ്ടാക്കുകയും അതു ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയിലാകുകയും ചെയ്തു.

പോപ്‌കോണ്‍ പല്ലില്‍ കുടുങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും ക്ഷീണവും വന്നു. സാധാരണ പനിയാണെന്നായിരുന്നു മാര്‍ട്ടിന്‍ കരുതിയത്. എന്നാല്‍ എന്‍ഡോകാര്‍ഡൈറ്റിസ് എന്ന രോഗാവസ്ഥയുടെ ലക്ഷണങ്ങളാണിതെന്ന് പിന്നീട് കണ്ടെത്തി. ഹൃദയത്തിന്റെ അറകളെ ആവരണം ചെയ്യുന്ന നേര്‍ത്ത സ്തരമായ എന്‍ഡോകാര്‍ഡിയത്തെ അണുബാധ ബാധിക്കുകയായിരുന്നു. വായില്‍നിന്നു ബാക്ടീരിയ ചര്‍മത്തിലേക്കും കുടലുകളിലേക്കും രക്തത്തിലേക്കും കലര്‍ന്നാണ് അണുബാധ ഉണ്ടായത്. തുടര്‍ന്ന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തുകയും ചെയ്തു. വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം മാര്‍ട്ടിന്‍ സുഖം പ്രാപിച്ചു.