
ഭാര്യയുടെ മരണാനന്തരചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ 58-കാരനെ ശിക്ഷിച്ച് കോടതി. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി.എൻ വിനോദ് ശിക്ഷിച്ചത്. ഏഴ് കൊല്ലം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
2017 നവംബർ 21 നായിരുന്നു സംഭവം. വിദേശത്തു നിന്നെത്തിയതായിരുന്നു പെൺകുട്ടിയും കുടുംബവും. മരണാനന്തര ചടങ്ങിനു ശേഷം തിരികെ പോകാനായി കുട്ടിയുടെ മാതാപിതാക്കൾ പ്രതിയുടെ മകനെയും കൂട്ടി ഷോപ്പിങ്ങിനായി പുറഞ്ഞ് പോയ സമയത്താണ് പീഡനം നടന്നത്. വീട്ടിൽ ഒറ്റക്കായ കുഞ്ഞിനെയാണ് പ്രതി ലെെംഗികമായി അതിക്രമിച്ചത്.
ഭയം മൂലം പീഡനവിവരം കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. ഭയന്ന് പോയ കുഞ്ഞ് ദിവസങ്ങൾക്ക് ശേഷം വിദേശത്തെ സ്കൂളിൽ വെച്ചാണ് പീഡന വിവരം വെളിപ്പെടുത്തിയത്. വിവരമറിഞ്ഞ മാതാവ് ഇ – മെയിൽ മുഖാന്തിരം പോലീസിൽ വിവരം അറിയിച്ചു. ഇതോടെ ഒല്ലൂർ പോലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു.
പരാതിയിലുണ്ടായ കാലതാമസം കാണിച്ച് പ്രതി ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയാണ് ഹാജരായത്. പ്രതി കുറ്റം ചെയ്ത സാഹചര്യം വളരെ അപൂർവ്വമാണെന്നും യാതൊരു ദയയും അർഹിക്കാത്ത പ്രതിക്ക് കഠിന ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു കോടതിയിൽ പറഞ്ഞു. വിധി ദിവസം കോടതിയിൽ ഹാജരാക്കാൻ തയ്യാറാകാതിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കുകയായിരുന്നു.