കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പ്രായോഗികമല്ലെങ്കില്‍ തിരികെ എത്തുന്ന പ്രവാസികള്‍ക്ക് പി പി ഇ കിറ്റ്

തിരുവനന്തപുരം: വിദേശത്ത് നിന്നും എത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം എന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം ഉണ്ടായേക്കും. കോവിഡ് ഗെറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് വിമാനങ്ങളില്‍ പിപിഇ കിറ്റ് നിര്‍ബന്ധമാക്കാനുള്ള മാര്‍ഗം തേടാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

ഇക്കാര്യം സംബന്ധിച്ച് ഉന്നതതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഉണ്ടായേക്കും. കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് വേണമെന്നുള്ള കേരള സര്‍ക്കാരിന്റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായ നിലപാട് എടുക്കാത്തതോടെയാണ് സര്‍ക്കാര്‍ മറ്റു മാര്‍ഗങ്ങള്‍ തേടുന്നത്.

വിദേശരാജ്യങ്ങളില്‍ പരിശോധനകള്‍ നടത്താനുള്ള പ്രായോഗിക നടപടികളൊന്നും ഉണ്ടായിട്ടില്ല. കേരളം ട്രൂനാറ്റ് പരിശോധന ആവശ്യപ്പെട്ടെങ്കിലും കുവൈറ്റ് മാത്രമാണ് ഇതിന് സന്നദ്ധത അറിയിച്ചിട്ടുള്ളത്. ബാക്കിയുള്ള രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യത്തിലുള്ള എതിര്‍പ്പ് അറിയിക്കുകയും ചെയ്തു.