ഷഹാനയുടെ വരവോടെ പലരും എന്നെ കുറ്റപ്പെടുത്തുന്നുണ്ട്, തീരുമാനം മാറ്റണമെവന്ന് പറഞ്ഞിട്ടും ഷഹാന കേട്ടില്ല, പ്രണവ് പറയുന്നു

പ്രണവിന് എന്നും പിന്തുണയും ധൈര്യവുമായി ഷഹാന കൂടെയുണ്ട്. ഏവര്‍ക്കും ഉദാഹരണമാണ് ഇവര്‍. ബൈക്ക് അപകടത്തില്‍ നെഞ്ചിന് താഴേക്ക് തളര്‍ന്ന് പോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നു വരനാനായി ഷഹാനയ്ക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രണവിന് താങ്ങായും തണലായും ഷഹാന ഇപ്പോഴുണ്ട്. നെഞ്ചിന് താഴെ തളര്‍ന്ന് കിടക്കാണ് പ്രണവ്. ബൈക്ക് അപകടത്തിലാണ് ഇത് സംഭവിച്ചത്. ഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ചും ഷഹാനയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രണവ്. തന്റെ ജീവിതത്തിലേക്കുള്ള ഷഹാനയുടെ വരവ് അപ്രതീക്ഷിതമായിരുന്നു എന്നാണ് പ്രണവ് പറയുന്നത്.

പ്രണവിന്റെ വാക്കുകള്‍ ഇങ്ങനെ;

‘എന്റെ ജീവിതത്തിലേക്കുള്ള ഷഹാനയുടെ വരവ് അപ്രതീക്ഷിതമായിരുന്നു. എന്തുകൊണ്ടാണ് അവള്‍ അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് എനിക്കിപ്പോഴും അറിയില്ല. ആളുകള്‍ എന്നെ കുറ്റപ്പെടുത്തി പലതും പറയുന്നുണ്ട്. അതൊന്നും കാര്യമാക്കാറില്ല. സ്‌നേഹിച്ചവര്‍ക്ക് എന്തെങ്കിലും അപകടം സംഭവിക്കുമ്പോള്‍ ഉപേക്ഷിച്ചു പോകുന്നവരുള്ള നാട്ടിലാണ് ഒരു പെണ്‍കുട്ടി ഇങ്ങനയൊരു തീരുമാനമെടുക്കുന്നത്. ഞാനും എന്റെ വീട്ടുകാരും കൂട്ടുകാരുമൊക്കെ ഈ തീരുമാനം മാറ്റണമെന്ന് ഷഹാനയോട് ഒരുപാട് തവണ പറഞ്ഞതാണ്. പക്ഷേ, അവള്‍ അതിലുറച്ചു നിന്നു. എന്റെ ഈ അവസ്ഥയില്‍ ഒരു കല്യാണമോ കുടുംബജീവിതമോ ഒന്നും വിദൂര സ്വപ്നത്തില്‍ പോലും കണ്ടിരുന്നില്ല. എനിക്കവളെ ജീവന് തുല്യം സ്‌നേഹിക്കാന്‍ മാത്രമേ സാധിക്കൂ. അത് ഞാന്‍ ചെയ്യും.

ഷഹാന വന്നതോടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടായി. വീട്ടുകാരും കൂട്ടുകാരും നോക്കിയിരുന്ന പല കാര്യങ്ങളും അവള്‍ ഏറ്റെടുത്തു. പല കാര്യങ്ങള്‍ എന്നല്ല, എന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു എന്നു തന്നെ പറയാം. ഒന്നിനും അവള്‍ക്ക് മടിയില്ല. ഒരു കുഞ്ഞിനെ പോലെ എന്ന് പരിചരിക്കുന്നു, സ്‌നേഹിക്കുന്നു. എനിക്ക് അവളെ ദൈവം അറിഞ്ഞു തന്നതാണ്. കുറച്ച് ദേഷ്യക്കാരിയുമാണ് ആള്‍. എന്നാല്‍ ദേഷ്യം മാറിയാല്‍ പിന്നെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കും. ഞാന്‍ അതെല്ലാം വളരെയധികം ആസ്വദിക്കുന്നുണ്ട്. അങ്ങനെ ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നു. ഷഹാന വന്നതോടെ ജീവിതത്തില്‍ ചില മാറ്റങ്ങളൊക്കെ വരുത്തി. ഇപ്പോള്‍ അവള്‍ക്കു വേണ്ടി കൂടുതല്‍ സമയം മാറ്റിവെയ്ക്കുന്നു.’

ആറു വര്‍ഷം മുമ്പ് നടന്ന ഒരു അപകടത്തിലാണ് ഇരിങ്ങാലക്കുട സ്വദേശി പ്രണവിന്റെ ജീവിതം മാറിമറിഞ്ഞത്. കുതിരത്തടം പൂന്തോപ്പില്‍ നടന്ന ബൈക്ക് അപകടത്തില്‍ പ്രണവിന്റെ ശരീരം തളര്‍ന്നു. ഒരിക്കലും വെറുതെയിരിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന ആള്‍ ജീവിതം വീല്‍ചെയറിലേക്ക് മാറി. ബികോം മൂന്നാംവര്‍ഷ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം. ഒരു സുഹൃത്ത് ഗള്‍ഫിലേക്ക് പോകുന്നതിനാല്‍ അന്നൊരു ചെലവ് ഉണ്ടായിരുന്നു. വളരെ സന്തോഷകരമായ നിമിഷങ്ങള്‍.

അതിനിടയില്‍ കൂട്ടത്തിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായ സുഹൃത്തിന് ഓട്ടത്തിന് വിളി വന്നു. മദ്യപിക്കുന്ന ശീലമില്ലാത്തതുകൊണ്ട് അവന്‍ എന്നോട് പോകാമോ എന്നു ചോദിക്കുകയും ഞാന്‍ സമ്മതിക്കുകയും ചെയ്തു. വൈകീട്ട് ഒരു ആറു മണിയോട് അടുപ്പിച്ചാണ് ഓട്ടം കഴിഞ്ഞ് ഞാന്‍ തിരിച്ചു വന്നത്. ഓട്ടോറിക്ഷ ഒതുക്കി പുറത്തിറങ്ങിയതും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് നിന്നിരുന്ന ഒരു സുഹൃത്ത് ഒപ്പം ചെല്ലാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അവന്റെ പിന്നില്‍ കയറി. ഒരു 300 മീറ്റര്‍ മുന്നോട്ട് പോയി കാണും. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്ത് മതില്‍ ഇടിച്ചു കയറി. ഞാന്‍ തെറിച്ചു പോയി ഒരു തെങ്ങിലിടിച്ച് നിലത്തു വീണു.- പ്രണവ് തന്റെ ജീവിതം മാറി മറിഞ്ഞതിനെ കുറിച്ച് പറഞ്ഞു.