ആശുപത്രിയിലായ അച്ഛനെ കാണാൻ നാട്ടിൽ പോകാനിരുന്ന പ്രവാസിയുവാവിന് ദാരുണാന്ത്യം

റിയാദിൽ വാഹനാപകടത്തിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം. അൽഖർജ് റോഡിൽ ന്യൂ സനയ്യക്കടുത്ത് നടന്ന വാഹനാപകടത്തിൽ അൽ ഫനാർ കമ്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ് ഹൈദരബാദ് ഗുണ്ട്പാലിസ്വദേശി ജലീൽ മുഹമ്മദ് (36) ആണ് മരണപ്പെട്ടത്. നാട്ടിലുള്ള പിതാവിന് അസുഖമായതിനെ തുടർന്ന് അടിയന്തിരമായി കമ്പനിയിൽ പറഞ്ഞു ഞായറാഴ്ച നാട്ടിൽ പോകാൻ പിസിആ ടെസ്റ്റും ടിക്കറ്റും എടുത്ത് ബത്തയിൽ നിന്ന് വരുന്ന വഴിയാണ് അപകടം.

താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വാഹനാപകടത്തിൽ മരണപ്പെട്ട വിവരം സുഹൃത്തുക്കൾ അറിഞ്ഞത്. വ്യാഴാച്ച രാത്രി ബത്തയിൽ പോയി ടിക്കറ്റും പിസിആർ ടെസ്റ്റും എടുത്ത് റൂമിലേക്ക് പോകുന്നിടെ റൂമിലേക്ക് വരുന്നു എന്ന് റൂമിലുള്ളവരെ വിളിച്ചറിയിച്ചിരുന്നു.

വെള്ളിയാഴ്ച ആയിട്ടും റൂമിൽ എത്താത്തതിനെ തുടർന്ന് കമ്പനി പ്രതിനിധി ഹാരിസ് കുറുവ, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങിനെ അറിയിക്കുകയും ചെയർമാൻ റഫീഖ് പുല്ലൂർ നടത്തിയ തിരച്ചിലിനൊടുവിൽ മയ്യിത്ത് റിയാദ് ശുമൈസി ആശുപത്രിയിൽ കണ്ടെത്തുകയുമായിരുന്നു. പിതാവ്: ജീലാനി, മാതാവ്: റഹിമ ബീഗം, ഭാര്യ: ഫർസാന.