പെൺകുഞ്ഞായതിനാൽ ഭിത്തിയിൽ എറിഞ്ഞു പൊട്ടിച്ച കുഞ്ഞിന്റെ തലയോട്ടി തുന്നി ചേർത്ത് ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ ഡോക്ടർമാർ, കുറിപ്പ്

ഹൃദയം കൊണ്ട് മുറിവുണക്കുന്ന ഡോക്ടറെക്കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രവീൺ എബ്രഹാം എന്ന അധ്യാപകനാണ് ഡോക്ടറെ പരിചയപ്പെടുത്തുന്നത്. എത്ര ചെറിയ സംശയങ്ങൾക്കും ക്ഷമയോടെ മറുപടി പറയുന്ന, ഓരോ രോഗിയും തന്റെ വീട്ടിലെ ആരോ ഒരാൾ ആണെന്ന് കരുതുന്ന ഡോക്ടർ ഗാഥയെക്കുറിച്ചാണ് പ്രവീണിന്റെ ഹൃദ്യമായ വാക്കുകൾ.

ഹൃദയം തൊട്ട് ഒരു ഡോക്ടർ ….ജീവിതത്തിൽ ഒരിക്കലെങ്കിലും ആശുപത്രിയിൽ പോകാത്തവരോ ഒരു ഡോക്ടറുടെ സേവനം തേടാത്തവരോ ഉണ്ടാവില്ല.സ്നേഹം കൊണ്ട് ചികിൽസിക്കുന്ന ഒരു ഡോക്ടർ ഉണ്ട് എറണാകുളം -തൃപ്പൂണിത്തുറ ദേവി ഹോസ്പിറ്റലിൽ. ഡോ. ഗാഥ ആർ – കൺസൾറ്റൻറ് ഗൈനക്കോളജിസ്റ്റ്. ലാബ് റിസൾട്ട് വരാൻ താമസിച്ചാൽ ചോറുണ്ണാതെ കാത്തു നിൽക്കുന്ന, അല്പം ബുദ്ധിമുട്ടാണെന്ന് പറഞ്ഞാൽ ജോലി കഴിഞ്ഞു വീട്ടിൽ പോയാലും ഒരു മടിയും ഇല്ലാതെ ആശുപത്രിയിലേക്ക് പാഞ്ഞെത്തുന്ന, എത്ര ചെറിയ സംശയങ്ങൾക്കും ക്ഷമയോടെ മറുപടി പറയുന്ന, ഓരോ രോഗിയും തന്റെ വീട്ടിലെ ആരോ ഒരാൾ ആണെന്ന് കരുതുന്ന ഒരു ഡോക്ടർ.നീണ്ട ഒൻപതു മാസത്തെ ഗർഭകാലത്തെ കൺസൾറ്റഷനു വേണ്ടിയാണു ഡോക്ടറെ കണ്ടു തുടങ്ങിയത്.

ചികിത്സ മികവിനും, കഴിവിനും, അറിവിനും ഒപ്പം ഒരു ഡോക്ടറുടെ സ്നേഹവും കരുതലും നമ്മളെ ഒത്തിരി സ്വാധീനിക്കുന്ന അവസരമാണല്ലോ ഗർഭ കാലഘട്ടം .ഏതൊരു ചെറിയ ശാരീരിക മാനസിക മാറ്റങ്ങളെയും സസൂഷ്‌മം നിരീക്ഷിക്കാനുള്ള സാമർഥ്യം, പരിഹാരം നിർദ്ദേശിക്കാനുള്ള പാഠവം, അനുഭവ സമ്പത്ത് , കൈപ്പുണ്യം ഇത്രെയും പോരെ ഒരു ഡോക്ടറെ നമ്മുക്ക് പ്രിയപ്പെട്ടതാക്കാൻ? … മറ്റൊരു ഡോക്ടറുണ്ട് ഇത് പോലെ സ്വാധീനിച്ചത്. കോലെഞ്ചേരി മെഡിക്കൽ കോളേജിലെ കാർഡിയോളജി ഡിപ്പാർട് മെന്റിലെ ജൂനിയർ റസിഡന്റ് ഡോ . അരുൺ പീറ്റർ. പ്രായം 25 ഉള്ളൂ … പക്ഷെ അനുഭവ ജ്ഞാനവും അറിവും പലപ്പോളും അമ്പരപ്പെടുത്തിയിട്ടുണ്ട്. ഏതു ചോദ്യത്തിനും നിസംശയം ഉത്തരമാണ്. ചിലപ്പോൾ ദൈവം അദ്ദേഹത്തെ അറിഞ്ഞു അനുഗ്രഹിച്ചതായിരിക്കും ..

ഈ ഡോക്ടർസ് ദിനത്തിൽ എനിക്ക് ഏറ്റവും സ്നേഹത്തോടെ ഓർക്കാൻ കഴിയുന്നതും ഈ ഡോക്ടറുടെ കരുതലാണ് . നിപക്കും കോറോണക്കും ഒക്കെ മുൻപിൽ പട പൊരുതുന്ന എത്രയോ ഡോക്ടർമാർ….ഒരു നാടിൻറെ ആരോഗ്യം ആണ് തന്റെ ആരോഗ്യത്തെക്കാൾ പ്രധാനം എന്ന് കരുതി കോവിഡ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ ചെന്നാൽ ഭാര്യക്കും മക്കൾക്കും അപകടമാണെന്ന് കരുതി കാറിന്റെ ഡിക്കിയിൽ രാത്രി ഉറങ്ങി തീർക്കുന്ന എത്രയോ ഡോക്ടർമാർ…ജനിച്ചത് പെൺകുഞ്ഞാണെന്നു അറിഞ്ഞു ഭിത്തിയിൽ എറിഞ്ഞു പൊട്ടിച്ച കുഞ്ഞിന്റെ തലയോട്ടി തുന്നി ചേർത്ത് ആ കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ ഡോക്ടർമാർ…

സുഹൃത്തിൻറെ കുഞ്ഞു ജനിച്ച ഉടൻ ഹൃദയത്തിന്റെ പ്രവർത്തനം ശെരിയല്ല എന്ന് കണ്ടെത്തി ഏഴാം ദിവസം ശസ്ത്രക്രിയ നടത്തി ഹൃദയമിടിപ്പ് തുടങ്ങി തന്ന ഡോക്ടർമാർ … പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭവങ്ങൾ …ഡോക്ടർസ് ദിനത്തിൽ മാത്രം ഓർത്താൽ മതിയാവില്ല നിസ്തുലമായ അവരുടെ സേവനം . ഏതു പ്രതിസന്ധികളെയും അവസരങ്ങളാക്കി മാറ്റുന്ന അനുഗ്രഹം നിറഞ്ഞ അവരുടെ കൈകൾ ഇനിയും എത്രയോ ജീവിതങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകട്ടെ എന്ന് പ്രാർത്ഥനയോടെ…എല്ലാ ഡോക്ടർമാർക്കും ആശംസകൾ