പ്രവീണിന് പുതുജീവനേകിയത് ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍

ചിങ്ങവനം അമ്പഴത്തില്‍പറമ്പില്‍ ബാബു എം.നായരുടേയും ലതികയുടേയും മകനാണ് പ്രവീണ്‍. ഇന്റര്‍ലോക്ക് ജോലിക്കാരനായിരുന്ന പ്രവീണിന് ജനുവരി 3 നാണു അപകടം നടക്കുന്നത്. 85 ശതമാനം പൊള്ളലേറ്റു മരണത്തിന്റെ വക്കെത്തിയ യുവാവിനെ തിരികെ എത്തിച്ചതു കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും ചേര്‍ന്നാണ്. പ്രവീണിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഇങ്ങനെ..

പ്രവീണിനെ അപകടത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് അയച്ചു. 3 മാസം അവിടെ കഴിഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി നിര്‍ദേശിച്ചു അവിടെ നിന്നു മടക്കി. തുടര്‍ ചികിത്സയ്ക്ക് പല ആശുപത്രികളും തയാറായില്ല. തുടര്‍ന്ന് കോട്ടയം ജില്ല ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോ. നെവിന്റെ നേതൃത്വത്തില്‍ പ്രവീണിനെ അഡ്മിറ്റ് ചെയ്യാന്‍ തയാറായി. പൊള്ളല്‍ യൂണിറ്റിന്റെ ഇടനാഴിയില്‍ കഴിഞ്ഞ പ്രവീണിനെ സൂപ്രണ്ട് ഡോ. ബിന്ദുകുമാരിയും പകര്‍ച്ചവ്യാധി വിഭാഗത്തിലെ ഡോ.മേരി കള്ളിയത്ത് വര്‍ഗീസും കണ്ടതോടെ കഥ മാറി.

ജില്ലാ ആശുപത്രിയിലെ ഒരു മുറിയില്‍ എസി.പിടിപ്പിച്ചു. പരിചരിക്കാന്‍ വിദഗ്ധയായിരുന്ന നഴ്‌സ് ഷൈലയെ ഡ്യൂട്ടിക്കിട്ടു.സ്‌നേഹ സാന്നിധ്യമായി എത്തിയ ഹൗസ് സര്‍ജന്മാര്‍ പ്രവീണിനു മാനസിക കരുത്തു പകര്‍ന്നു.പൊള്ളിയടര്‍ന്ന തൊലി വീണ്ടും രൂപപ്പെട്ടു തുടങ്ങി. ‘എന്റെ കുഞ്ഞിനെ തിരികെ കിട്ടുമെന്നു പ്രതീക്ഷയില്ലായിരുന്നു. ഇവരാണ് എന്റെ ദൈവങ്ങള്‍’ എന്നാണ് പ്രവീണിന്റെ അമ്മ ലതിക പറയുന്നത്. ജില്ല ആശുപത്രിയുടെ ചുവരില്‍ ഒട്ടിച്ച പേപ്പറുകളില്‍ തിരികെ ലഭിച്ച ജീവിതത്തിനു നന്ദി അര്‍പ്പിച്ചു ചിത്രങ്ങള്‍ വരയ്ക്കുകയാണ് പ്രവീണ്‍ ഇപ്പോള്‍. ഒരു ബുക്ക് നിറയെ ചിത്രങ്ങളായി. സെപ്റ്റംബറില്‍ പിറന്നാള്‍ ദിനത്തില്‍ സദ്യ സ്വന്തമായുണ്ടാക്കി ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നല്‍കണമെന്നാണിപ്പോള്‍ പ്രവീണിന്റെ സ്വപ്നം