പ്രവീണയെ കളത്തിലിറക്കാന്‍ ബിജെപി, നടിയെ മത്സരിപ്പിക്കാന്‍ നീക്കം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിനിമയുടെ മുന്നിലും പിന്നിലും എത്തുന്നവരെ കൂടുതലായി രംഗത്തിറക്കാന്‍ നീക്കം നടത്തുകയാണ് ബിജെപി. നടന്‍ സുരേഷ് ഗോപി, നടി പ്രവീണ, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവരുടെ പേരുകള്‍ ആണ് ഉയര്‍ന്ന് വരുന്നത്. നടി പ്രവീണയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരം ജില്ലയിലോ കൊല്ലം ജില്ലയിലോ ഏതെങ്കിലും ഒരു സീറ്റില്‍ ആവും പ്രവീണയെ പരിഗണിക്കുക എന്നാണ് പുറത്തെത്തുന്ന വിവരം.

സംവിധായകന്‍ രാജ സേനനും ഇക്കുറി സീറ്റ് നല്‍കും. കഴിഞ്ഞ തവണയും രാജസേനന്‍ മത്സരിച്ചിരുന്നു. നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആയിട്ട് ആയിരുന്നു രാജസേനന്‍ മത്സരിച്ചത്. അതേസമയം നടന്‍ കൃഷ്ണകുമാറും മത്സരിക്കാനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിലാണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നത്. എന്നാല്‍ കൃഷ്ണകുമാറിന് വിജയ സാധ്യത കുറവാണെന്ന വാദവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്.

എംപിയും നടനുമായ സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം ശ്രമിച്ചിരുന്നു. മത്സരത്തിനില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.