യുവതിയും ഗര്‍ഭസ്ഥ ശിശുവും ആശുപത്രിയില്‍ വെച്ച് മരിച്ചു, ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍

വണ്ടന്മേട്:ഗര്‍ഭിണി രക്ത സ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മരിച്ചു.ഇടുക്കി കട്ടപ്പന സുവര്‍ണഗിരി കരോടന്‍ ജോജിന്‍ ജോസഫിന്റെ ഭാര്യ ജിജി ജോര്‍ജ് ആണ് മരിച്ചത്.കഴിഞ്ഞ ദിവസം പുറ്റടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് യുവതി മരണത്തിന് കീഴടങ്ങുന്നത്.സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ജിജി നാല് മാസം ഗര്‍ഭിണി ആയിരുന്നു.രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ജിജിയെ പുറ്റാടിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

30കാരിയായ ജിജി കട്ടപ്പന ഒക്‌സീലിയം സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ ജിജിക്ക് രക്തസ്രാവം ഉണ്ടാവുകയായിരുന്നു.തുടര്‍ന്ന് ജിജിയെ പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് ഭര്‍ത്താവ് ജോജിന്‍ പറയുന്നു.തുടര്‍ന്ന് ഡോക്ടര്‍ സ്‌കാനിംഗിന് നിര്‍ദേശിച്ചു.സ്‌കാനിംഗിന് ശേഷം ഗര്‍ഭസ്ഥശിശു മരിച്ച അവസ്ഥയില്‍ ആണെന്നും പ്രസവത്തിലൂടെ തന്നെ പുറത്ത് എടുക്കാമെന്നും അറിയിച്ചു.മറ്റ് ആശുപത്രിയിലേക്ക് വേണമെങ്കില്‍ കൊണ്ടുപോകാം എന്ന് പറഞ്ഞപ്പോള്‍ കുഴപ്പമില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത് എന്ന് ജോജിന്‍ പറയുന്നു.എന്നാല്‍ അല്‍പ സമയത്തിനകം യുവതിയുടെ മരണ വാര്‍ത്തയും പുറത്തെത്തി.ആശുപത്രി അധികൃതരുടെ അനാസ്ഥയാണ മരണകാരണം എന്ന് ആരോപിച്ച് ബന്ധുക്കള്‍ അടക്കമുള്ളവര്‍ ആശുപത്രി പരിസരത്ത് തടിച്ചു കൂടുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.

അതേസമയം,ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് പുറ്റടി ലൈഫ് ബ്ലൂം ആശുപത്രി മാനേജര്‍ ജയസാഗര്‍ പറഞ്ഞു.സാധാരണ പ്രസവത്തിലൂടെ ആയിരുന്നു ജിജിക്ക് ആദ്യ കുട്ടി ജനിച്ചത്.അതിനാല്‍ വേദന അനുഭവപ്പെട്ടു ശിശു പുറത്തു വരാനുള്ള ചികിത്സ ആരംഭിച്ചു എങ്കിലും കാര്യമുണ്ടായില്ല.തുടര്‍ന്ന് അനസ്തീഷ്യ ഡോക്ടറെ എത്തിക്കുകയും ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.ഇതിനിടെ ഒരു കുപ്പി രക്തം നല്‍കി.എന്നാല്‍ അനസ്തീഷ്യ നല്‍കുന്നതിന് മുമ്പ് തന്നെ യുവതിയുടെ മരണം സംഭവിച്ചിരുന്നു എന്ന് ജയസാഗര്‍ പറഞ്ഞു.സംഭവത്തില്‍ വണ്ടന്മേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അട്ടപ്പള്ളം പഴയമ്പള്ളില്‍ ജോര്‍ജ്-മോളി ദമ്പതികളുടെ മകളാണ് ജിജി.മരിയ റോസ് ഏക മകളാണ്.