കുടുംബത്തിന് കയറിക്കിടക്കാന്‍ വീട് വേണം, ഭവനപദ്ധതികള്‍ക്ക് കാത്ത് നില്‍ക്കാതെ മണ്ണ് കൊണ്ട് വീട് പണിയുകയാണ് പ്രേമ

തൃശ്ശൂര്‍: പ്രേമ ഹരിദാസ് വീട് പണിയുകയാണ്.മുതിര്‍ന്ന രണ്ട് പെണ്‍മക്കളെയുമായി കയറി കിടക്കാന്‍ ഒരു വീടാണ് പ്രേമകയ്ക്ക് ആവശ്യം.പല മുട്ടാപ്പോക്കുകളും പറഞ്ഞ് അനുവദിച്ച വീട് പോലും ഉദ്യോഗസ്ഥര്‍ താമസിപ്പിച്ചപ്പോഴാണ് മണ്ണും മുളയും ഉപയോഗിച്ച് വീട് പണിയാണ് പ്രേമ ഒരുങ്ങിയത്.നിലവിലുള്ള വീട് പാതി തകര്‍ന്ന അവസ്ഥയിലാണ്.എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാവുന്ന അവസ്ഥ.വര്‍ഷങ്ങളായി സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിപ്പിലാണ്.ഇപ്പോഴുള്ള വീടിന് 35 വര്‍ഷത്തെ പഴക്കമുണ്ട്.ജീര്‍ണിച്ച വീട് ഓട് വെച്ച് വാര്‍ത്തത് ആയതിനാല്‍ അനുമതി നീണ്ട് പോവുകയാണ്.താന്യം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ എഡിഎസ് അംഗവും മുന്‍ സിഡിഎസ് വൈസ് ചെയര്‍പേഴ്‌സനുമാണ് പ്രേമ ഹരിദാസ്.നിലവിലെ ഭാഗിഗമായി തകര്‍ന്ന വീടിന്റെ അടുത്ത് തന്നെയാണ് കവുങ്ങും മുളയും മണ്ണും പഴയ ഇഷ്ടികയും അല്‍പം സിമന്റും ചേര്‍ത്ത് ഒരു വീട് ഉണ്ടാക്കുന്നത്.മേല്‍ക്കൂരയില്‍ അലുമിനിയം ഷീറ്റ് മേയാനാണ് തീരുമാനം.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് അനുവദിച്ചു.എന്നാല്‍ അപ്പോഴേക്കും പ്രേമയുടെ കയ്യില്‍ പണവും ഉണ്ടായിരുന്നില്ല.നിലവിലെ വീട് ചെറിയ മഴ പെയ്ത് തുടങ്ങുമ്പോളേ ചോരുകയാണ്.വീടിനുള്ളിലെ പല സാധനങ്ങളും നശിച്ചു.ഇതോടെയാണ് ഉറപ്പും ഭംഗിയും അല്‍പം കുറഞ്ഞാലും പുതിയ വീട് പണിയാം എന്ന് പ്രേമ തീരുമാനിച്ചത്.എനിക്ക് അറിയാവുന്ന പണിയല്ലിത്,പക്ഷേ നിവൃത്തിയില്ലാത്തതുകൊണ്ട് രണ്ടും കല്പിച്ച് പണിതുടങ്ങി.ഭര്‍ത്താവിന്റെ നിര്‍ദേശങ്ങളും മക്കളുടെ സഹായവും കൊണ്ട് ഇതുവരെ പണിതീര്‍ക്കാനായി. തുലാവര്‍ഷത്തിനുമുമ്പെങ്കിലും പണിതീര്‍ത്ത് മരണഭയമില്ലാതെ കിടന്നുറങ്ങണം.-പ്രേമ പറഞ്ഞു.

പ്രേമയുടെ ഭര്‍ത്താവ് പട്ടത്ത് വീട്ടില്‍ ഹരിദാസ് പാന്‍ക്രിയാസ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലാണ്.രണ്ട് വര്‍ഷമായി കിടപ്പിലായിരുന്ന ഹരിദാസ് ഇപ്പോള്‍ കഷ്ടിച്ച് എഴുന്നേറ്റ് നില്‍ക്കും.മക്കളും ഇവര്‍ക്കൊപ്പമുണ്ട്.സായ്‌ലക്ഷ്മി ഐടിഐ പഠനത്തിന് ശേഷം സിവില്‍ ഡ്രാഫ്റ്റ്മാന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.അനിക ഡി ഫാം വിദ്യാര്‍ത്ഥിയാണ്.കുടുംബത്തിന്റെ ഏക ആശ്രയം പ്രേമയ്ക്ക് തൊഴിലുറപ്പില്‍ നിന്നും ലഭിക്കുന്ന വരുമാനമാണ്.ഈ വരുമാനത്തില്‍ ഭര്‍ത്താവിന്റെ ചികിത്സയും മക്കളുടെ പഠന ചിലവും വീട്ടു ചിലവുകളും മുന്നോട്ട് കൊണ്ടുപോകണം.ഈ കുടുംബം പി.എം.എ.വൈ. പദ്ധതിയിലും ലൈഫ് പദ്ധതിയിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പുതിയ ലിസ്റ്റിന്റെ മാനദണ്ഡപരിശോധന നടക്കുന്നതേയുള്ളൂ എന്നും താന്ന്യം ഗ്രാമപ്പഞ്ചായത്ത് അംഗം മീന സുനില്‍ പറഞ്ഞു.