ഇന്ത്യൻ ജനാധിപത്യം ലോകത്തിന് മാതൃക: രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് രാഷ്‌ട്രപതി

നമ്മുടെ ജനാധിപത്യത്തിന്റെ നാനാത്വവും ഊർജ്ജവും ലോകത്തിന് മുഴുവൻ മാതൃകയെന്നും ഇക്കാര്യത്തിൽ നമ്മെ എല്ലാവരും അഭിനന്ദിക്കുന്നുവെന്നും രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ അവസരത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കണമെന്നും വ്യക്തമാക്കി.

പോയ വർഷം ഒരുപാട് പാഠങ്ങൾ പഠിക്കാനായി. കൊറോണയെ നേരിട്ടു, തദ്ദേശീയമായി വാക്‌സിൻ വികസിപ്പിച്ചു, ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തി തുടങ്ങിയ നിരവധി നേട്ടങ്ങളാണ് രാജ്യം നേടിയെടുത്തത്. ഈ നേട്ടങ്ങളിൽ ഒാരോ ഭാരതീയനും അഭിമാനിക്കാമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

കൊറോണയെ അകറ്റി നിർത്താനുള്ള ജാഗ്രത എല്ലാവരും തുടരണം. കൊറോണയുമായുള്ള യുദ്ധം രാജ്യം ഇപ്പോഴും തുടരുകയാണ്. അസാധാരണമായ സാഹചര്യമാണ് മഹാമാരിയെ തുടർന്ന് ലോകത്ത് ഉണ്ടാകുന്നത്. കൊറോണ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഭരണ സംവിധാനം അവസരത്തിനൊത്ത് ഉയർന്നു പ്രവർത്തിക്കുന്നുണ്ടെന്നും രാഷ്‌ട്രപതി ഓർമിപ്പിച്ചു.

കൊറോണ വൈറസിനെതിരെ വലിയ നിശ്ചയദാർഢ്യവും കാര്യക്ഷമതയുമാണ് നാം പ്രകടിപ്പിച്ചത് എന്നതിൽ അഭിമാനമുണ്ട്. നിരവധി കുടുംബങ്ങൾക്ക് തീരവേദനയുണ്ടായി. അവരുടെ കൂട്ടായ വേദന പ്രകടിപ്പിക്കാൻ തനിക്ക് വാക്കുകളില്ല. അതേസമയം, നിരവധി ജീവനുകൾ രക്ഷിച്ചു എന്നതാണ് ഏക ആശ്വാസമെന്നും രാഷ്‌ട്രപതി പറഞ്ഞു.