ചാലക്കുടിയില്‍ വിലക്ക് ലംഘിച്ച് കുര്‍ബാന നടത്തി; കൂടപ്പുഴ നിത്യസഹായമാത പള്ളി വികാരി അറസ്റ്റില്‍

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുടി രൂപതയിലെ ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളി വികാരി ഫാ.പോളി പടയാട്ടി ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 6.1 ഓടെ നുറിലേറെ വിശ്വാസികളുടെ സാന്നിധ്യത്തിലാണ് വൈദികന്‍ കുര്‍ബാന അര്‍പ്പിച്ചത്. ഇക്കാര്യമറിഞ്ഞ് പള്ളിയില്‍ എത്തിയ പോലീസ് വൈദികനെ അറസ്റ്റു ചെയ്തു. ഇദ്ദേഹത്തെ ചാലക്കുടി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

കുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരില്‍ അമ്ബതോളം പേരെ തിരിച്ചറിഞ്ഞു. ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. ആദ്യഘട്ടത്തില്‍ ജാമ്യത്തില്‍ വിട്ടയക്കും. ഇനിയും നിയമലംഘനം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റു രേഖപ്പെടുത്തും.

കൊറോണയുമായി ബന്ധപ്പെട്ട് വിലക്ക് ഉണ്ട് എന്ന് വിശ്വാസികൾ പറഞ്ഞപ്പോൾ വിലക്കൊക്കെ അറിയാം എന്നും പ്രാർഥിച്ചാൽ രോഗശാന്തി കിട്ടും എന്നും ആയിരുന്നു വൈദീകന്റെ മറുപടി. മാത്രമല്ല പല വീടുകളിൽ നിന്നും സ്ത്രീകൾ ഭർത്താക്കന്മാരുടെ വിലക്ക് പോലും മറികടന്ന് പള്ളിയിലേക്ക് പ്രവഹിക്കാൻ തുടങ്ങിയതോടെയാണ്‌ സംഭവം നാട്ടിൽ പാട്ടായത്. ഉടൻ നാട്ടുകാർ പള്ളിയിലെ വിവരങ്ങൾ പോലീസിൽ അറിയിക്കുകയായിരുന്നു.

തലശേരി രൂപതയിൽ വൈദീകർ മാത്രം നിന്ന് കുർബാന അർപ്പിക്കാനും പൊതു ജനങ്ങൾക്കായുള്ള കുർബാന ഉണ്ടാവില്ല എന്നും അറിയിപ്പ് ഇറക്കിയിരുന്നു. എന്നാൽ തലശേരി രൂപതയുടെ തന്നെ ഭാഗമായ കാസർഗോഡ് ജില്ലാ കലക്ടർ ഇറക്കിയ നിരോധനാഞ്ജ ഉത്തരവിൽ പള്ളി പൂട്ടിയിടാനും വൈദീകനും കുർബാന അർപ്പിക്കരുത് എന്നുമാണ്‌ നിർദ്ദേശം. വൈദീകർ കുർബാന അർപ്പിക്കാൻ പള്ളി തുറന്നാൽ അവിടെ വിശ്വാസികൾ വിലക്ക് ലംഘിച്ച് എത്താൻ സാധ്യതയുണ്ട്.

ജനപങ്കാളിത്തത്തോടെയുള്ള കുര്‍ബാന ഒഴിവാക്കണമെന്ന് സര്‍ക്കാരും കെ.സി.ബി.സിയും ആവര്‍ത്തിച്ച്‌ നിര്‍ദേശം നല്‍കിയിട്ടും പല പള്ളികളിലും ഇത് ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ തന്നെ ഒല്ലുര്‍ പള്ളി വികാരിയ്‌ക്കെതിരെ കേസെടുത്തിരുന്നൂ. തലയോളപ്പറമ്ബ്, രാജപുരം പള്ളികളിലെ വൈദികര്‍ക്കെതിരെയും പോലീസ് നടപടി സവീകരിച്ചിരുന്നു.