ലോക്ക്ഡൗണില്‍ പള്ളി അടച്ചു, പണം കണ്ടെത്താന്‍ മോഷണത്തിനിറങ്ങിയ പുരോഹിതന്‍ പിടിയില്‍

ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ ആരാധനാലയങ്ങളും അടഞ്ഞ് കിടക്കുകയാണ്. ആരാധനാലയങ്ങളില്‍ ഭക്തര്‍ വരാതായതോടെ വരുമാനം ഇല്ലതായി. ഇതോടെ പണം കണ്ടെത്താനായി മോഷണത്തിന് ഇറങ്ങിയ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. മധുരയ്ക്ക് അടുത്ത് തനക്കന്‍കുളത്തുള്ള ക്രിസ്ത്യന്‍ പള്ളിയിലെ പുരോഹിതന്‍ ആണ് അറസ്റ്റില്‍ ആയത്. ബൈക്ക് മോഷണം പതിവാക്കിയ പുരോഹിതനില്‍ നിന്നും 12 ബൈക്കുകയും പിടിച്ചെടുത്തിട്ടുണ്ട്.

മധുര നഗരാതിര്‍ത്തിയായ തനക്കന്‍കുളത്തുള്ള ക്രിസ്ത്യന്‍ ബ്രദറര്‍ അസംബ്ലി പള്ളിയിലെ പുരോഹിതനായ ജയന്‍ സാമുവല്‍ എന്ന പുരോഹിതനാണ് മോഷണത്തിന് പിടിയിലായത്. ഇരുചക്ര വാഹനങ്ങളാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്. തനക്കന്‍കുളത്തും പരിസര പ്രദേശങ്ങളില്‍ നിന്നും സ്‌കൂട്ടറുകള്‍ മോഷണം പോകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. നാട്ടുകാരും പോലീസുകാരും വ്യാപകമായി പരിശോധന നടത്തിയിട്ടും കള്ളനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ഒരിക്കല്‍ പുരോഹിതന്‍ ജയന്‍ സാമുവല്‍ കഴിഞ്ഞ ദിവസം തകരാറിലായ ഒരു സ്‌കൂട്ടര്‍ വര്‍ക്ക് ഷോപ്പില്‍ എത്തിച്ചു. എന്നാല്‍ ഈ സ്‌കൂട്ടര്‍ തന്റെ സ്ഥിരം ഇടപാടുകാരന്റെ മോഷണം പോയ സ്‌കൂട്ടര്‍ ആണോ എന്ന് വര്‍ക്ക് ഷോപ്പ് ജീവനക്കാരന് സംശയമുണ്ടായി.

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ സുബ്രഹ്മണ്യം ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി സാമുവലിനെ കസ്റ്റഡിയില്‍ എടുക്കയും സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് വന്‍ മോഷണത്തിന്റെ വിവരങ്ങള്‍ പുറത്തെത്തുന്നത്. പുരോഹിത കുപ്പായത്തിനുള്ളിലെ കള്ളന്‍ പുറത്ത് ചാടിയതോടെ നാട്ടുകാര്‍ക്കും ഞെട്ടലായി. ആഡംബര ജീവിതത്തിന് പണം കണ്ടെത്താന്‍ വേണ്ടിയാണ് പുരോഹിതന്‍ മോഷണത്തിന് ഇറങ്ങിയത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പള്ളി പൂട്ടിയതോടെ വരുമാനം നിലച്ചു. കയ്യിലുള്ള പണം തന്റെ ആഡംബര ജീവിതത്തിന് തികയാതെയായി. ഇതോടെ മോഷണത്തിന് ഇറങ്ങുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ജയന്‍ സാമുവല്‍ ആദ്യ കവര്‍ച്ച നടത്തിയത്. തുടര്‍ന്ന് 12 സ്‌കൂട്ടറുകള്‍ പുരോഹിതന്‍ കവര്‍ന്നു. മോഷ്ടിച്ച സ്‌കൂട്ടറുകള്‍ പണയപ്പെടുത്താന്‍ സാമുവലിനെ സഹായിച്ചത് സുഹൃത്തായ സെല്‍വനാണ്. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാവി ഊരാതെ റോഡരികിലുള്ള വാഹനം ഉടമ അടുത്ത് നിന്നും മാറുന്ന സമയം ഓടിച്ചു പോവുകയായിരുന്നു ഇയാളുടെ പതിവ്.