നിര്‍ദേശം ലംഘിച്ച് ആളെ കൂട്ടി ശവസംസ്‌കാരം; പള്ളി വികാരി അറസ്റ്റില്‍

അടൂര്‍: ലോകത്താകമാനം വന്‍ ഭീഷണിയാണ് കൊറോണ വൈറസ് ഉയര്‍ത്തുന്നത്. വൈറസിന്റെ സമൂഹ വ്യാപനം തടയാനായി ലോകം ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുകയാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല രാജ്യത്ത് ലോക്ഡൗണ്‍ നിര്‍ദേശം പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന് മികച്ച പിന്തുണയാണ് സമൂഹത്തില്‍ നിന്നും ലഭിക്കുന്നത്. വിവാഹങ്ങള്‍ മാറ്റി വയ്ക്കുകയും ഉത്സവങ്ങളും പെരുന്നാളുകളും വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെയിലും നിയമം ലംഘിക്കുന്നവരുണ്ട്. ഇത്തരത്തില്‍ നിയമം ലംഘിച്ച പള്ളി വികാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പള്ളിയിലെ ശവസംസ്‌കാര ചടങ്ങില്‍ ആളുകളെ പങ്കെടുപ്പിച്ചതിനാണ് പള്ളി വികാരിയെ അറസ്റ്റിലായത്. അടൂര്‍ തുവയൂരിലെ സെനന്റ് പീറ്റേഴ്‌സ് വികാരിയായ റെജി യോഹന്നാന്‍ ആണ് അറസ്റ്റിലായത്. വികാരിയെ കൂടാതെ പള്ളി കമ്മറ്റി സെക്രട്ടറി, ട്രെസ്റ്റി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു പള്ളിയില്‍ ശവ സംസ്‌കാര ശുശ്രൂഷ നടന്നത്. ചടങ്ങില്‍ പള്ളി ഭാരവാഹികള്‍ ഉള്‍പ്പെടെ അമ്പതില്‍ അധികം ആളുകള്‍ പങ്കെടുത്തു എന്ന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് പോലീസ് വികാരിയെയും പള്ളി കമ്മറ്റി സെക്രട്ടറിയെയും ട്രെസ്റ്റി എന്നിവരെയും പോലിീസ് അറസ്റ്റ് ചെയ്തത്.

പള്ളി കമ്മിറ്റി സെക്രട്ടറി മാത്യു, ട്രസ്റ്റി സൂരജ് എന്നിവരെയും വികാരിക്ക് പുറമെ പോലീസ് അറസ്റ്റ് ചെയ്യുക ആയിരുന്നു. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുക ആയിരുന്നു. ഇവരടക്കം അമ്പത് പേര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച 130 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിരവധി വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം നേരത്തെ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുടി രൂപതയിലെ ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളി വികാരി ഫാ.പോളി പടയാട്ടി ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 6.1 ഓടെ നുറിലേറെ വിശ്വാസികളുടെ സാന്നിധ്യത്തിലാണ് വൈദികന്‍ കുര്‍ബാന അര്‍പ്പിച്ചത്. ഇക്കാര്യമറിഞ്ഞ് പള്ളിയില്‍ എത്തിയ പോലീസ് വൈദികനെ അറസ്റ്റു ചെയ്തു. ഇദ്ദേഹത്തെ ചാലക്കുടി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

കുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരില്‍ അമ്ബതോളം പേരെ തിരിച്ചറിഞ്ഞു. ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. ആദ്യഘട്ടത്തില്‍ ജാമ്യത്തില്‍ വിട്ടയക്കും. ഇനിയും നിയമലംഘനം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റു രേഖപ്പെടുത്തും.

കൊറോണയുമായി ബന്ധപ്പെട്ട് വിലക്ക് ഉണ്ട് എന്ന് വിശ്വാസികള്‍ പറഞ്ഞപ്പോള്‍ വിലക്കൊക്കെ അറിയാം എന്നും പ്രാര്‍ഥിച്ചാല്‍ രോഗശാന്തി കിട്ടും എന്നും ആയിരുന്നു വൈദീകന്റെ മറുപടി. മാത്രമല്ല പല വീടുകളില്‍ നിന്നും സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ വിലക്ക് പോലും മറികടന്ന് പള്ളിയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം നാട്ടില്‍ പാട്ടായത്. ഉടന്‍ നാട്ടുകാര്‍ പള്ളിയിലെ വിവരങ്ങള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.