രാഷ്ട്രീയത്തിൽ കുറുക്ക് വഴി തേടുന്നവർ രാഷ്ട്ര ശത്രുക്കൾ – മോദി

നാഗ്പുർ. രാഷ്ട്രീയത്തിൽ കുറുക്കു വഴികൾ സ്വീകരിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാജ വാഗ്ദാനങ്ങൾ നൽകി അധികാരം നേടാൻ ലക്ഷ്യമിടുന്നവർക്ക് സർക്കാർ ഉണ്ടാക്കാൻ കഴിയില്ല – പ്രധാനമന്ത്രി പറഞ്ഞു. നാഗ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ചില രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ ഒറ്റിക്കൊടുക്കുകയാണ്. കുറുക്കുവഴി രാഷ്ട്രീയത്തിൽ ഏർപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകർ, വികസനത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്ന് അഭ്യർത്ഥിച്ചു. രാഷ്ട്രത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളുടെ വികസനം അനിവാര്യമാണ് പ്രധാനമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിൽ ഇരട്ട എൻജിൻ സർക്കാർ വളരെ വേഗത്തിലാണ് പ്രവർത്തിക്കുന്നത്. ‘ഇന്ന് സമൃദ്ധി മഹാമാർഗിലൂടെ നാഗ്പൂർ-മുംബൈ തമ്മിലുള്ള ദൂരം കുറച്ചു. ഈ ഹൈവേ 24 ജില്ലകളെ ആധുനിക കണക്റ്റിവിറ്റിയോടെ ബന്ധിപ്പിക്കുന്നു. ഇതുകൂടാതെ, കൃഷി, വിശ്വാസം, വിവിധ സ്ഥലങ്ങളിലെ ഭക്തർ, വ്യവസായങ്ങൾ എന്നിവ പ്രയോജനപ്പെടുത്താൻ പോകുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ പോകുന്നു’ ഇവയൊക്കെ ഇരട്ട എഞ്ചിൻ സർക്കാരിന്റെ വേഗതയ്ക്കുള്ള ഉദാഹരണമാണ് – പ്രധാനമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിൽ ഞായറാഴ്ച ആരംഭിച്ച പദ്ധതികളിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാഴ്ചപ്പാട് ദൃശ്യമാണ്. നാഗ്പൂർ എയിംസ് ഒരു വ്യത്യസ്ത തരം ഇൻഫ്രാസ്ട്രക്ചറാണ്. അതുപോലെ സമൃദ്ധി മഹാമാർഗ്, വന്ദേ ഭാരത്, നാഗ്പൂർ മെട്രോ എന്നിവ വ്യത്യസ്ത തരം ഇൻഫ്രാസ്ട്രക്ചറുകളാണ്. ഇവയെല്ലാം പൂച്ചെണ്ടിലെ പലതരം പൂക്കൾ പോലെയാണ്. അതിൽ നിന്ന് വികസനത്തിന്റെ സുഗന്ധം ജനങ്ങളിലെത്തും- പ്രധാനമന്ത്രി പറഞ്ഞു.