പ്രധാനമന്ത്രി ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.ബുധനാഴ്ചയായിരിക്കും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെയാണ് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്. പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവില്‍ ഒപ്പുവെച്ചു.

അതേസമയം, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.
രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും 370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കം തീര്‍ത്തും ഏകപക്ഷീയമാണെന്നും അവര്‍ പറഞ്ഞു.

ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും കേന്ദ്രത്തിന്റെ തീരുമാനം കൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖമായി വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റ് വഞ്ചിക്കപ്പെട്ടെന്നും അവര്‍ കുറ്റപ്പെടുത്തി.