പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നു

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നു. കോവിഡ് വ്യാപനത്തിന് ശേഷം ഒരു വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് മന്ത്രിമാരെല്ലാവരും നേരിട്ട് പങ്കെടുത്ത ‘ഓഫ് ലൈന്‍’ യോഗം നടക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് യോഗം ചേര്‍ന്നത്. ലോക്ഡൗണ്‍ സമയത്ത് ഉള്‍പ്പെടെ ആഴ്ചതോറും മന്ത്രിസഭാ യോഗങ്ങള്‍ ചേര്‍ന്നിരുന്നത് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു.

43 പുതിയ മന്ത്രിമാരാണ് ഈ മാസം ഏഴിന് പുതിയതായി സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രിസഭയിലെ കാബിനറ്റ് കമ്മിറ്റികളും കഴിഞ്ഞ ദിവസം പുന:സംഘടിപ്പിച്ചിരുന്നു. മന്ത്രിമാരായ സ്മൃതി ഇറാനി, ഭുപേന്ദര്‍ യാദവ്, സര്‍ബാനന്ദ സോനാവള്‍ എന്നിവരെ രാഷ്ട്രീയകാര്യ കമ്മിറ്റിയിലും വിരേന്ദ്ര കുമാര്‍, കിരണ്‍ റിജ്ജിജു, അനുരാഗ് ഠാക്കൂര്‍ എന്നിവരെ പാര്‍ലമെന്ററി കാര്യ കമ്മിറ്റിയിലുമാണ് ഉള്‍പ്പെടുത്തിയത്.

പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരില്‍ ചിലരെ തൊഴില്‍ നൈപുണ്യ വികസന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായും ഉള്‍പ്പെടുത്തിയിരുന്നു. ഇന്ന് വൈകുന്നേരം നാല് മണിക്ക് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരുമായി പ്രധാനന്ത്രി വീണ്ടും യോഗം ചേരുന്നുണ്ട്, ഇത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്.