ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമ്മാണ യൂണിറ്റ് പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും

ബംഗളൂരു. കർണാടകയിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമ്മാണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്രേമോദി നാളെ രാജ്യത്തിന് സമർപ്പിക്കും. പ്രതിരോധ മേഖലയിലെ ആത്മനിർഭരതയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

രാജ്യത്തെമാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമ്മാണ യൂണിറ്റാണ് ഇത്. 2016ൽ പ്രധാനമന്ത്രി മോദി തന്നെയാണ് നിർമ്മാണ കേന്ദ്രത്തിന് തറക്കല്ലിട്ടതും. 615 ഏക്കറിൽ പരന്നുകിടക്കുന്ന ഫാക്ടറിയിൽ തുടക്കത്തിൽ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാവും നിർമ്മിക്കുക.

തുടർന്ന് എൽസിഎച്ച് പിന്നീട് ഇന്ത്യൻ മൾട്ടിറോൾ ഹെലികോപ്റ്ററുകളും നിർമ്മിക്കും. എൽസിഎച്ച്, ഐഎംആർഎച്ച് എന്നിവയുടെ നിർമ്മാണത്തിനായി ഫാക്ടറി വിപുലീകരിക്കുകയും ചെയ്യും. 3 മുതൽ 15 ടൺ പരിധിയിൽ ആയിരത്തിലധികം ഹെലികോപ്റ്ററുകൾ നിർമ്മിക്കാൻ എച്ച്എഎൽ പദ്ധതിയിടുന്നുണ്ട്.

കൂടാതെ എൽയുഎച്ച്, എൽസിഎച്ച് കോപ്ടറുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യവും ഫാക്ടറിയിലുണ്ടാവും. 20 വർഷത്തിനുള്ളിൽ നാലു ലക്ഷം കോടിയിലധികം ബിസിനസ് പ്രതീക്ഷിക്കുന്നതിനൊപ്പം പ്രത്യക്ഷവും പരോക്ഷവുമായ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക വികസനത്തിന് വഴിവയ്ക്കുകയും ചെയ്യും.