പ്രധാനമന്ത്രിയുടെ സന്ദർശനം: തലസ്ഥാനത്ത് ഭീമൻ സുരക്ഷ, ഗതാഗത നിയന്ത്രണം

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന തലസ്ഥാനത്ത്‌ അതീവ സുരക്ഷയാണ് എപ്രിൽ 25 ചൊവ്വാഴ്ച ഒരുക്കുന്നത്. 25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ രാവിലെ 10.30ന് നടക്കുന്ന ഫ്ലാഗ് ഓഫിനുശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് നടക്കുന്ന അന്നേ ദിവസം തിരുവനന്തപുരത്ത് വൻ ഗതാഗത നിയന്ത്രണവും ഉറപ്പു വരുത്തി.

തമ്പാനൂർ‌ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് രാവിലെ എട്ടു മുതൽ 11 വരെയാകും അടച്ചിടുക, അന്നേദിവസം തമ്പാനൂർ ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിലെ എല്ലാ കടകൾക്കും ഓഫീസുകൾക്കും 11ന് ശേഷം മാത്രമാണ് പ്രവർത്തനാനുമതി. പാർക്കിങിലുള്ള വാഹനങ്ങൾ 24ന് ഒഴിപ്പിക്കും. 25-ാം തീയതി 11 മണിവരെ എല്ലാ സർവീസുകളുകളും വികാസ് ഭവൻ ഡിപ്പോയിൽ നിന്നായിരിക്കും നടത്തുക.
വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്. രാവിലെ 10.30മുതൽ 10.50വരെയാണ് ഫ്ലാ​ഗ് ഓഫ് ചടങ്ങുകൾ.

കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേർ ആക്രമണത്തിലൂടെ വധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഭീഷണി കത്ത് ലഭിച്ചിരുന്നു. കൊച്ചി സ്വദേശിയുടെ പേരിലാണ് കത്ത് ലഭിച്ചത്. നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് എഡിജിപി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പ്രധാനമന്ത്രി കേരളത്തിൽ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് വിശദമായി പരാമർശിച്ചിട്ടുള്ളത്.

ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്ക് കൂടുതൽ സുരക്ഷയൊരുക്ക ണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. ഞായറാഴ്ച വൈകുന്നേരമാണ് രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. അതേസമയം, പ്രധാനമന്ത്രിക്ക് എതിരായ ഭീഷണിക്കത്തിന്‍റെ ഉറവിടം കൊച്ചിയെന്ന് ഉറപ്പിച്ചതോടെ അതീവ ജാഗ്രതയിലാണ് കൊച്ചി സിറ്റി പൊലീസ്. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഞായറാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന അവലോകന യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്.

നിലവിലുള്ള തീരുമാനപ്രകാരം തിങ്കളാഴ്ച വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തും. റോഡ് ഷോയ്ക്ക് ശേഷം തേവരയില്‍ യുവാക്കളുമായി സംവദിക്കും. തുടര്‍ന്ന് മതമേലധ്യക്ഷരുമായി കൂടിക്കാഴ്ചയും ആലോചനയിലുണ്ട്. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി മടങ്ങുന്നതുവരെ സുരക്ഷയ്ക്കായി 2,000 പൊലീസുകാരെയാണ് വിന്യസിക്കുന്നത്. ഭീഷണിക്കത്തിന്‍റെ പേരില്‍ പ്രധാനമന്ത്രിയുടെ പരിപാടികളില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ വ്യക്തമാക്കി.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിനിടെ പഞ്ചാബ് മാതൃകയില്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സുരക്ഷാക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ ചോര്‍ന്നത് ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്‍റെ സാഹചര്യത്തില്‍ സുരക്ഷ അതീവഗൗരത്തോടെ കാണണമെന്ന് ആണ് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിക്കുന്നത്.

ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് 2022 ജനുവരി 5നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഞ്ചാബ് സന്ദര്‍ശനത്തിനിെട പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവം ആണ് . അന്ന് റോഡ് ഉപരോധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി 20 മിനിറ്റ് മേല്‍പ്പാലത്തില്‍ കുടുങ്ങി. ഹുസൈനിവാലയിലെ ദേശീയസ്മാരകം സന്ദര്‍ശിക്കാന്‍ പോവുകയാ യിരുന്നു.

പരിപാടികള്‍ റദ്ദാക്കി മോദി മടങ്ങുകയും ചെയ്തു. ബദല്‍ മാര്‍ഗം ഒരുക്കുന്നതിലും പ്രതിഷേധക്കാരെ തടയുന്നതിലും അടക്കം പഞ്ചാബ് പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായെന്ന് കണ്ടെത്തുകയും ചെയ്തു. മോദിയുടെ കേരള സന്ദര്‍ശനത്തിനിടെ സമാനമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനവും തീവ്ര ഇടത് നിലപാടുകാരുടെ സാന്നിധ്യവും പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടെങ്കിലും സംഘടനയ്ക്ക് വലിയ തോതില്‍ കേരളത്തില്‍ സ്വാധീനമുണ്ടായിരുന്നതിനാല്‍ സുരക്ഷാഭീഷണി സാധ്യതയുണ്ട്. എസ്പിജിക്കാണ് പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതല. രാജ്യത്ത് ഏറ്റവും അധികം സുരക്ഷയുള്ള വ്യക്തിയാണ് പ്രധാനമന്ത്രി. സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ സുരക്ഷാക്രമീകരണത്തിന്‍റെ വിവരങ്ങള്‍ ചോര്‍ന്നത് ആഭ്യന്തരമന്ത്രാലയം പരിശോധിക്കുകയുമാണ്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും വിവരങ്ങള്‍ തേടി. പ്രധാനമന്ത്രിയുടെ റോഡ് ഷോ അടക്കം കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.