ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ഒരു ബ്രാൻഡിനെ പരിചയപ്പെടുത്തി മമ്മൂട്ടി

ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയാണ് പല സെലിബ്രറ്റികളും ഒരു പരസ്യത്തിൽ അഭിനയിക്കുന്നത്. എന്നാൽ മലയാളത്തിന്റെ മഹാനടൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒരു ബ്രാൻഡിനെ പരിചയപ്പെടുത്തിയത് സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരു രൂപ പോലും വാങ്ങാതെയാണ് ഒരു ബ്രാൻഡിനെ മമ്മൂട്ടി പരിചയപ്പെടുത്തിയത്. അതിന് പിന്നിൽ ഉള്ള ലക്ഷ്യം ഒരു നന്മയായിരുന്നു.

 

‘പ്രിയ പ്രതിഭ’ എന്ന കറി പൊടി ബ്രാൻഡിനെയാണ് മമ്മൂട്ടി പരിചയപ്പെടുത്തിയത്. പരസ്യ മോഡലായല്ല, മറിച്ച് ഒരു രൂപ പോലും വാങ്ങാതെ തന്നെ കൊണ്ട് കഴിയുന്ന ഒരു ചെറിയ സഹായം എന്നാണ് വ്യക്തമാകുന്നത്. കറി മസാലകൾ, കറി പൗഡറുകൾ എന്നിങ്ങനെ അടുക്കളയിലേക്ക് വേണ്ടിയുള്ള ചേരുവകളാണ് ‘പ്രിയ പ്രതിഭ’ പുറത്തിറക്കുന്നത്. കച്ചവടത്തിലൂടെ ലാഭം നേടാനോ, കോടികൾ സമ്പാദിക്കാനോ വേണ്ടിയല്ല ഈ ഒരുക്കം. മറിച്ച് ഒരുപാട് പേരുടെ വിശപ്പ് മാറ്റാനും വേദന ഇല്ലാതാക്കാനുമാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനത്തിന്റെ കീഴിലുള്ള ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള പദ്ധതികളിൽ ഒന്നാണിത്. ബിഷപ്പ് ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള 16 ജീവകാരുണ്യ പദ്ധതികൾ ഒട്ടേറെ ജീവിതങ്ങൾക്ക് പതിറ്റാണ്ടായി കൈത്താങ്ങാണ്. ഇതിന് ഒരു സ്ഥിര വരുമാനം എന്നത് ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവട്.മമ്മൂട്ടിതന്നെയാണ് ഇത്തരമൊരു ആശയത്തിന് പിന്നിലെന്നും അധിക്യതർ പറയുന്നു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: വിവിധ വൈകല്യങ്ങൾ വെല്ലുവിളിയായ രണ്ടായിരത്തിൽ പരം ആളുകളുടെ ജീവിക്കാനുള്ള പോരാട്ടത്തിൽ പിറന്നതാണ് “പ്രിയ പ്രതിഭ “കറിപ്പൊടികൾ. കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനത്തിന്റെ കീഴിൽ വിവിധ ആശ്രയ കേന്ദ്രങ്ങളിലായി കഴിയുന്ന പ്രിയപ്പെട്ടവർ ചേർന്നൊരുക്കുന്ന ഈ ഉത്പന്നങ്ങൾ വിറ്റുകിട്ടുന്നതിൽ നിന്നുള്ള വരുമാനം പരസഹായം കൂടാതെ ജീവിക്കാനുള്ള ഇവരുടെ ആഗ്രഹങ്ങൾക്ക് തുണയാകും എന്ന് തന്നെയാണ് പ്രതീക്ഷ. ജീവിക്കാനുള്ള ഇവരുടെ പോരാട്ടത്തിന് എല്ലാ ആശംസകളും നേർന്നു കൊണ്ട് “പ്രിയ പ്രതിഭ “കറി പൊടികൾ നാടിനു സമർപ്പിക്കുന്നു.(+91 9745767220)