ലിസി കോടതിയില്‍ പറഞ്ഞത് കേട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു, വിവാഹ മോചനത്തെ കുറിച്ച് പ്രിയദര്‍ശന്‍

സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു. ദീര്‍ഘകാലത്തെ ദാമ്പത്തിക ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്. ലിസിയുമായി പിരിഞ്ഞതും അതിന് ശേഷമുള്ള വിഷാദ രോഗത്തെ കുറിച്ച് പറഞ്ഞും പ്രിയദര്‍ശന്‍ രംഗത്തെത്തിയിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

ലിസിയുമായുള്ള പ്രശ്‌നങ്ങള്‍ മൂലം തനിക്ക് ജോലിയില്‍ പോലും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അക്കാലത്ത് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ലിസി നല്‍കിയ കേസുമായി ബന്ധപ്പെട്ട് വിചാരണ നടക്കുന്ന സമയത്ത് ലിസി തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം കേട്ട് കോടതി മുറിയില്‍ താന്‍ പൊട്ടിക്കരഞ്ഞതായും പ്രിയന്‍ പറഞ്ഞിരുന്നു.

പ്രിയദര്‍ശന്റെ വാക്കുകള്‍ ഇങ്ങനെ, മോഹന്‍ലാല്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു. ‘ രണ്ടുപേര്‍ ഒന്നുചേരാന്‍ തീരുമാനിക്കുന്ന സമയത്ത് എതിര്‍ക്കുന്നവന്‍ അവരുടെ ശത്രുവാകാറുണ്ട്, അതുപോലെ തന്നെ രണ്ടുപേര്‍ പിരിയാന്‍ തീരുമാനിക്കുമ്പോഴും എതിര്‍ക്കുന്നവന്‍ അവരുടെ ശത്രുവാകുമെന്ന്. ഞാനും ലിസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുറത്തുള്ളവര്‍ക്ക് കഴിയുമായിരുന്നില്ല. മക്കളും ഞങ്ങളുടെ കാര്യത്തില്‍ വലുതായി ഇടപെട്ടിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് അവര്‍ സംസാരിച്ചിട്ടില്ല. എന്നെക്കുറിച്ച് മോശമായി ലിസിയോടും ഒന്നും പറയാനിടയില്ല. അവര്‍ മുതിര്‍ന്ന കുട്ടികളാണല്ലോ, കാര്യങ്ങള്‍ മനസ്സിലാക്കാനാകുമല്ലോ. ഞങ്ങള്‍ തമ്മിലുള്ള ചില നിസാരമായ ഈഗോ പ്രശ്‌നങ്ങള്‍ ആണ് വിവാഹമോചനത്തിലേക്ക് എത്തിച്ചത്.

ലിസിയാണ് എന്റെ ജീവിതത്തിലെ വിജയങ്ങള്‍ക്കു കാരണം എന്ന് മുമ്പ് അഭിമുഖങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവരുടെ മനസ്സില്‍ എന്താണെന്ന് അവരുടെ ഉള്ളില്‍ കയറി അറിയാനാകില്ലല്ലോ. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ഒരുനാള്‍ ലിസി കോടതിയില്‍ പറഞ്ഞത് ‘സംവിധായകന്‍ പ്രിയദര്‍ശന്റെ കാലം കഴിഞ്ഞു എന്ന് പലരും പറയുന്നു’ എന്നാണ്. അത് കേട്ടതോടെ അത്രയും നേരം പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞു പോകുകയായിരുന്നു. കാലം കഴിഞ്ഞു എന്നു പറഞ്ഞാല്‍ ജഡമായെന്ന് തന്നെയല്ലേ അര്‍ത്ഥം. ജീവനേക്കാള്‍ ഞാന്‍ സ്‌നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്. അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു, വിഷാദരോഗാവസ്ഥയിലായിരുന്നു അതിന് ശേഷം ഞാന്‍. നാലു മാസത്തോളം ഡിപ്രഷനുള്ള ചികിത്സയിലായിരുന്നു. അതില്‍ നിന്നും എന്നെ രക്ഷിച്ചത് സിനിമയാണ്.