അമ്മയെ കാണാതായതു മുതല്‍ മൂത്ത പെണ്‍കുട്ടിക്ക് അച്ഛനെ സംശയമുണ്ടായിരുന്നു ; വെളിപ്പെടുത്തല്‍

പ്രേം കുമാറിന്റെ പെരുമാറ്റത്തില്‍ മൂത്ത കുട്ടിക്ക് ഭയവും സംശയവുമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പ്രേംകുമാറും കാമുകി സുനിതയും പൊലീസ് കസ്റ്റഡിയിലാണ്. പ്രേംകുമാറിന്റെ അറസ്റ്റോടെ ഇയാളുടെ രണ്ട് മക്കളും അനാഥ അവസ്ഥയിലാണ്. മൂത്ത പെണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ പ്രേംകുമാറിന്റെ വീട്ടുകാര്‍ തയാറായി. എന്നാല്‍ ഇളയകുട്ടിയെ ഏറ്റെടുക്കാന്‍ രണ്ട് വീട്ടുകാരും തയാറല്ല.

അഡ്വക്കേറ്റ് സുനന്ദയുടെ വാക്കുകള്‍ ഇങ്ങനെ:

‘അമ്മ വിദ്യയെ കാണാതായതു മുതല്‍ മൂത്ത പെണ്‍കുട്ടിക്ക് അച്ഛനെ സംശയമുണ്ടായിരുന്നു. വിദ്യയുടെ തിരോധാനത്തിനു ശേഷം കുട്ടി വിഷാദാവസ്ഥയിലായിരുന്നു. കുട്ടിയുടെ മാറ്റം തിരിച്ചറിഞ്ഞ അധ്യാപകരാണ് സ്‌കൂള്‍ കൗണ്‍സിലറുടെ അടുത്ത് എത്തിക്കുന്നത്. കുട്ടികള്‍ ആദ്യം പഠിച്ചത് ഉദയംപേരൂരിലുള്ള ഒരു സ്‌കൂളിലാണ്, പിന്നീടാണ് പാറശാലയിലെ സ്‌കൂളിലേക്ക് പ്രേംകുമാര്‍ ഇവരെ മാറ്റുന്നത്.

സ്‌കൂള്‍ കൗണ്‍സിലറോടു പെണ്‍കുട്ടി അച്ഛനെ ഭയമായിരുന്നുവെന്നു മനസ്സുതുറന്നു. അച്ഛന് പല സ്ത്രീകളോടും ബന്ധമുണ്ടെന്നും അമ്മയും അച്ഛനും തമ്മില്‍ ഇതുപറഞ്ഞ് നിരന്തരം കലഹിക്കുമായിരുന്നുവെന്നും കുട്ടി പറഞ്ഞു. വിദ്യയുടെ ആദ്യവിവാഹത്തിലെ മകളുടെ വിവാഹത്തിന് ഇവരെല്ലാം ഒരുമിച്ചാണ് പോയത്. തിരികെ വന്ന ശേഷം പ്രേംകുമാറും വിദ്യയും തമ്മില്‍ വഴക്കുണ്ടായി. അമ്മയ്‌ക്കെന്തോ സംഭവിച്ചെന്നു പെണ്‍കുട്ടി ആശങ്കപ്പെട്ടിരുന്നു.

കൊലപാതകത്തിനു ശേഷം കുറച്ചുകാലം കുട്ടികളെ പ്രേംകുമാര്‍ കാമുകി സുനിതയ്‌ക്കൊപ്പം പാര്‍പ്പിച്ചിരുന്നു. തുടക്കത്തില്‍ സുനിതയ്ക്ക് കുട്ടികളോട് വിദ്വേഷമായിരുന്നു. എന്നാല്‍ പിന്നീട് കുട്ടികളുമായി സ്‌നേഹത്തിലായി. അന്ന് സുനിത മൂത്തകുട്ടിയോട് തന്റെ ഭര്‍ത്താവിന് മാനസിക പ്രശ്‌നമാണെന്നും ഒരുപാട് സഹിച്ചിട്ടുണ്ടെന്നുമൊക്കെ പറഞ്ഞതായി കുട്ടി കൗണ്‍സിലറെ അറിയിച്ചിരുന്നു. ഈ വിവരങ്ങള്‍ കേട്ടശേഷം സ്‌കൂള്‍ കൗണ്‍സിലിങ് സംഘമാണ് കുട്ടികളെ ഞങ്ങളുടെ അടുത്ത് എത്തിക്കുന്നത്.

മൂത്തകുട്ടി അന്നു തന്നെ അച്ഛനൊപ്പം നില്‍ക്കാന്‍ പേടിയാണെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടിയെ ഏറ്റെടുത്തു. എന്നാല്‍ ഇളയകുട്ടിയെ ആരും ഏറ്റെടുക്കാന്‍ തയാറായില്ല. ഇളയകുട്ടിയുടെ കണ്‍മുന്നില്‍വെച്ചാണ് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്. ഇതിന്റെ ആഘാതം ആ കുഞ്ഞിന് മാറിയിട്ടില്ല.

അവന് അച്ഛനെന്നുവച്ചാല്‍ ജീവനാണ്. അവന്റെ എല്ലാമാണ് അച്ഛന്‍. ഇത്തരമൊരു കാഴ്ച കുഞ്ഞിന്റെ മനസ്സിനേല്‍പ്പിച്ച മുറിവ് ചെറുതല്ല. പത്തുവയസ്സ് മാത്രമാണ് പ്രായമെങ്കിലും പക്വതയുള്ള പെരുമാറ്റമാണ്. കുട്ടിയ്ക്ക് കൗണ്‍സിലിങ്ങ് നല്‍കുന്നുണ്ട്’ – സുനന്ദ പറഞ്ഞു.