സർക്കാരിനെതിരെയുള്ള സെക്രട്ടറിയേറ്റ് സമരത്തിൽ ധനമന്ത്രിയുടെ ഭാര്യ

തിരുവനന്തപുരം ∙ കോളജ് അധ്യാപകര്‍ക്ക് നിഷേധിച്ച ഡിഎ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നല്‍കുകയെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് ധർണയിൽ സംസ്ഥാന ധനമന്ത്രിയുടെ ഭാര്യ. കോളജ് അധ്യാപികയും ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ ഭാര്യയുമായ ഡോ. ആശയാണ് സർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്തത്.

കോളജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സെക്രട്ടേറിയറ്റ് ധര്‍ണയിലും ഉപവാസത്തിലും ഡോ.ആശ പങ്കെടുത്തു. സംഘടനയുടെ വനിതാ വിഭാഗം കണ്‍വീനറാണ് ഡോ.ആശ.

ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ സേവന പ്രശ്നങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനത്തിനെതിരെയാണ് സമരമെന്നും സംഘടനയുടെ സമരപ്രഖ്യാപന രേഖ പറയുന്നു. കേന്ദ്ര സര്‍ക്കാരിനും യുജിസിക്കും എതിരെയും സമരക്കാര്‍ മുദ്രാവാക്യം ഉയര്‍ത്തി.