രാഹുല്‍ ഗാന്ധി പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങളും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടാന്‍ കാരണമായി

ന്യൂഡല്‍ഹി. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ പല കാരണങ്ങളില്‍ അവസാനത്തെത് രാഹുല്‍ ഗാന്ധി പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തിയ കലാപമാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞതായി മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. ശര്‍മിഷ്ഠ മുന്‍ രാഷ്ട്രപതിയെ പറ്റിയുള്ള പ്രണബ് മൈ ഫാദര്‍ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പുടുത്തിയത്.

രാഹുല്‍ പലപ്പോഴും സ്വന്തം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതോടെ രാഹുലിനോടുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടതായും പ്രണബ് പറഞ്ഞുവെന്ന് പുസ്തകത്തില്‍ പറയുന്നു. ശിക്ഷിക്കപ്പെട്ട ജനപ്രതനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഓര്‍ഡിനന്‍സ് പരസ്യമായി കീറിയതുള്‍പ്പെടെ രാഹുല്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍ പറയുന്നത്.

രാഹുല്‍ ഷോ കാണിക്കുന്നതിന് പകരം ഓര്‍ഡിനന്‍സ് ഒഴിവാക്കാനായിരുന്നു ശ്രമിക്കേണ്ടത്. മന്ത്രിസഭാ തീരുമാനത്തെ പരസ്യമായി വെല്ലുവിളിക്കാന്‍ അയാള്‍ ആരാണെന്നും പ്രണബ് പ്രതികരിച്ചുവെന്നും രാഷ്ട്രീയ പക്വതയില്ലാത്ത അഭിപ്രായങ്ങള്‍ രാഹുലില്‍ നിന്നും ഉണ്ടായതായും പ്രണബ് പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു.