മരംമുറി കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു’; ചിത്രം പുറത്തുവിട്ട് പി.ടി. തോമസ്

മുട്ടിൽ മരംമുറി കേസിലെ പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തു വിട്ടു പി.ടി. തോമസ് എം.എൽഎ. മാംഗോ മൊബൈൽ ഉദ്ഘാടന ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയയാണ് പി.ടി. തോമസ് ചിത്രം പുറത്തു വിട്ടത്. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനിൽക്കുന്ന ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്ന് പി.ടി. തോമസ് ചോദിച്ചു. കോഴിക്കോട് നടന്ന ചടങ്ങിന്റെ ചിത്രമാണിതെന്നാണ് മനസിലാക്കുന്നതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

പി.ടി തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പു പറയണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

2017 ജനുവരി 22ലെ മാംഗോ മൊബൈലിന്റെ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങ് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മാറ്റിവെച്ചതിന് ശേഷം, പാർട്ടി മുഖപത്രത്തിൽ പരസ്യം വന്നതിന് ശേഷം ഇങ്ങനെ ഒരാൾക്ക് സൗഹാർദപരമായി കൈ കൊടുക്കുന്നതിൽ എന്തെങ്കിലും അർഥമുണ്ടോ എന്ന് കേരളം തീരുമാനിക്കട്ടെയെന്നും പി.ടി. തോമസ് കൂട്ടിച്ചേർത്തു. ഉദ്ഘാടന ചടങ്ങിനായി 2017 ജനുവരി 21 ന് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിൽ താമസിച്ചു. 22ന് രാവിലെ 9 മണിക്ക് നിശ്ചയിച്ചിരുന്ന സംഭവം ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് പ്രതികളുമായി ബന്ധമുണ്ടെന്നോ മരംമുറി കേസുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നോ താൻ ആരോപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രം പുറത്തുവിട്ടത് കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും ചടങ്ങിൽ പങ്കെടുക്കാൻ താനല്ല പോയതെന്ന് മുഖ്യമന്ത്രി സഭയിൽ നൽകിയ മറുപടി തെറ്റാണെന്ന് തെളിയിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.