രണ്ട് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു , മറ്റൊരാള്‍ അച്ഛനായി വന്ന് തുണയായി, ഗായിക പുണ്യ

ജീവിതത്തിനേറ്റ മുറിവുണക്കാന്‍ സംഗീതത്തേക്കാള്‍ മികച്ചൊരു മരുന്നില്ല. എല്ലാ വ്യഥകളേയും ശുഭാപ്തിയിലെത്തിക്കാന്‍ അതിനു മാസ്മരിക കഴിവുണ്ട്. അപൂര്‍വ്വം ചിലര്‍ക്കെ അതു കണ്ടെത്താന്‍ കഴിയൂ. ഇവരില്‍ ഒരു പ്രതിഭയാണ് നഗാവഗത ഗായിക പുണ്യ പ്രദീപ്. മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനലായ സീ കേരളം അവതരിപ്പിക്കുന്ന സംഗീത റിയാലിറ്റിഷോ ‘സിരഗമപ’യിലൂടെ രംഗത്തെത്തിയ പുണ്യ കൈപ്പേറിയ ജീവിതാനുഭവങ്ങളില്‍ നിന്ന് നല്ല ഭാവിയുടെ സ്വരവും താളവും കണ്ടെത്തിയ പ്രതിഭയാണ്. പുണ്യയുടെ ആ ജീവിതകഥ ആരുടേയും കരളലയിക്കും. പ്രേക്ഷകർ കുന്നോളം നൽകിയ ആ പാട്ടിഷ്ടം സിനിമാ പിന്നണി ഗാനരംഗത്തിന്റെ പടിവാതിൽക്കലാണ് പുണ്യയെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇടർച്ചയില്ലാത്ത ആ സ്വരവും പതർച്ചയില്ലാത്ത ആ പ്രകടനവും പ്രേക്ഷകർക്ക് അത്രമേൽ പ്രിയങ്കരം.

തന്റെ ജീവിതത്തെ കുറിച്ചും സംഗീതത്തെ കുറിച്ചും പുണ്യ പറയുന്നു.ഒരുപാട് കാലം ഒരാളെ വേദനിപ്പിച്ചു കൊണ്ടിരിക്കാൻ ജീവിതത്തിനാകില്ല എന്നു കേട്ടിട്ടുണ്ട്. എന്റെ ജീവിതത്തിന്റെ കാര്യത്തിൽ അത് വളരെയധികം ശരിയാണ്. കുറേയേറെ വേദനകൾ. പിന്നീട് അതിനെയെല്ലാം അതിജീവിക്കാൻ സഹായിച്ച ഒരുപാട് നേട്ടങ്ങൾ.എനിക്ക് രണ്ട് വയസുള്ളപ്പോഴാണ് അച്ഛൻ പ്രദീപ് വാഹനാപകടത്തിൽ മരിക്കുന്നത്. ഇതോടെ എന്റെയും ചേച്ചി പൂജയുടെയും ചുമതല അമ്മ പദ്മയുടെ ചുമലിലായി. അച്ഛൻ പോയി അധികം വൈകും മുൻപ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഞങ്ങൾ പുറത്തായി. കുറച്ചു നാൾ അമ്മയുടെ വീട്ടിൽ ആശ്രയം ലഭിച്ചു. അവിടെയും ബാധ്യതയായി തോന്നി തുടങ്ങിയതോടെ അമ്മ സമീപത്തുള്ള കറി പൗഡർ ഫാക്ടറിയിൽ ജോലിക്കു പോയിത്തുടങ്ങി.

ഏഴ് വർഷത്തോളം അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം സ്വരുക്കൂട്ടി ഞങ്ങൾ ചെറിയ വീട് വാങ്ങി. അക്കാലത്ത് വീടിന് അടുത്തുള്ള ചേച്ചിയെ സംഗീതം പഠിപ്പിക്കാൻ ഒരു മാഷ് എത്തിയിരുന്നു. ആ സമയം നോക്കി ഞാനും അവിടെ ചെല്ലും. അങ്ങനെ സംഗീതത്തിന്റെ ബാലപാഠങ്ങൾ കേട്ടു പഠിച്ചു. അതിനിടെ അവർ അവിടം വിട്ടു പോയി. അതോടെ എന്റെ സംഗീത പഠനവും മുടങ്ങി. എന്നെ സംഗീതം പഠിക്കാൻ വിടാൻ വീട്ടിലെ ദാരിദ്ര്യം അനുവദിച്ചിരുന്നുമില്ല. അതിനിടെ വിധി വീണ്ടും വില്ലനായി എത്തി. ജോലിക്കു പോയി മടങ്ങും വഴി അമ്മ വീണു പരുക്കേറ്റു കിടപ്പിലായി. ഇതോടെ വീണ്ടും ജീവിതം ഇരുട്ടിലായി. കുഞ്ഞിലേ അച്ഛനില്ലാത്തത് വലിയ സങ്കടമായിരുന്നു. അച്ഛന്റേയും അമ്മയുടേയും തണൽ ഒരുപോലെ കിട്ടുന്ന കൂട്ടുകാരെ കാണുമ്പോൾ സങ്കടം അണപൊട്ടും. എനിക്കു മാത്രം ആരും ഇല്ലല്ലോ എന്ന തോന്നലുണ്ടാകും. ചില സമയത്ത് സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടിയിട്ടുണ്ട്.

അങ്ങനെയിരിക്കെയാണ് അമ്മയ്ക്ക് പുതിയൊരു ജീവിതം ലഭിക്കുന്നത്. വീട്ടുകാർ തന്നെ കൊണ്ടുവന്ന കല്യാണാലോചന. കേട്ടപ്പോൾ കൊള്ളാമെന്ന് ഞങ്ങൾക്കും തോന്നി. അങ്ങനെ വിവാഹം നടന്നു. ബികാഷ് എന്നാണ് അച്ഛന്റെ പേര്. ഞങ്ങളുടെ ജീവിതത്തിലെ വേദനകളുടെ കാലം അവിടെ കഴിയുകയായിരുന്നു. യാതൊരു വേർതിരിവുമില്ലാതെ സ്വന്തം മക്കളെ പോലെയാണ് എന്നേയും ചേച്ചിയേയും അദ്ദേഹം നോക്കുന്നത്. എന്റെ പേരിനൊപ്പമുള്ള ‘പ്രദീപ്’ എന്ന പേരും അച്ഛനേയും കാണുമ്പോൾ പലരും കൺഫ്യൂഷനടിക്കാറുണ്ട്. അവരോടൊക്കെ ഞാൻ അഭിമാനത്തോടെ പറയും ഇതെന്റെ അച്ഛനാണെന്ന്. അത്രയ്ക്ക് കരുതലോടെയാണ് അദ്ദേഹം ഞങ്ങളേയും അമ്മയേയും നോക്കുന്നത്. അച്ഛൻ ഫൊട്ടോഗ്രാഫറാണ്. സ്റ്റുഡിയോയും ഉണ്ട്. ഞാൻ ഇപ്പോൾ കോഴിക്കോട് ദേവഗിരി കോളജിൽ ഒന്നാം വർഷ ബിഎസ്സി സുവോളജി വിദ്യാർത്ഥിനിയാണ്. ചേച്ചി പൂജ ബികോമിന് പഠിക്കുന്നു