സ്വിച്ചിട്ടാല്‍ ലോക്കാകുന്ന വാതില്‍ ഒരുക്കി, സജിതയെ റഹ്‌മാന്‍ 10 വര്‍ഷം ഒളിപ്പിച്ച കഥ കേട്ട് ഞെട്ടല്‍ മാറാതെ കുടുംബവും പോലീസും

നെന്മാറ: മാതാപിതാക്കളും രണ്ട് സഹോദരങ്ങളും ഉള്‍പ്പെടുന്ന വീട്ടില്‍ അയല്‍ക്കാരിയെ വീട്ടുകാരറിയാതെ പത്തുവര്‍ഷം സ്വന്തം മുറിയില്‍ താമസിപ്പിച്ച യുവാവിന്റെ ‘അവിശ്വസനീയ”മായ കഥയിങ്ങനെ. കഴിഞ്ഞ പത്തുവര്‍ഷം എങ്ങനെ കടന്നുപോയി എന്ന് റഹ്മാനും സജിതയും വിവരിക്കുന്നു. പ്രണയത്തിന്റെ തുടക്കം 2010ല്‍. പെണ്‍കുട്ടിയുമായി ആദ്യം സൗഹൃദം. പിന്നീടത് പ്രണയമായി.

വീടിന് മൂന്നു മുറിയും ഇടനാഴിയും. ഇലക്‌ട്രിക് ജോലിയില്‍ വിദഗ്ദ്ധനായ റഹ്മാന്‍ മുറിപൂട്ടാന്‍ വാതിലിന് അകത്തും പുറത്തും യന്ത്ര സംവിധാനം ഘടിപ്പിച്ചു. സ്വിച്ചിട്ടാല്‍ ലോക്കാവുന്ന ഓടാമ്ബലും സജ്ജീകരിച്ചു. രണ്ടുവയറുകള്‍ വാതിലിന് പുറത്തേക്കിട്ടിരുന്നതില്‍ തൊട്ടാല്‍ ഷോക്കടിക്കുമെന്ന ഭയം വീട്ടുകാരിലുണ്ടാക്കി. ജനലഴി ഇളക്കിമാറ്റി. വാതിലിനു പിറകിലൊരു ടേബിളും ചേര്‍ത്തുവച്ച്‌ പ്രണയിനിക്ക് സുരക്ഷയൊരുക്കി.

മുറിയിലിരുന്നാല്‍ വീട്ടില്‍ വരുന്നവരെയും പോകുന്നവരെയും വാതില്‍പ്പാളിയിലൂടെ കാണാം. രാത്രിയില്‍ പുറത്തിറങ്ങുന്നതിന് പുറമെ പകല്‍സമയത്ത് ആളില്ലാത്ത സമയം കണ്ടെത്തി ടോയ്ലറ്റില്‍ പോയി. വസ്ത്രങ്ങള്‍ വൃത്തിയാക്കി. പണിയ്ക്ക് പോയിവന്നാല്‍ റഹ്മാന്‍ മുറിയിലെ ടിവി ഉച്ചത്തില്‍വയ്ക്കും. ഈ സമയത്താണ് ഇവരുടെ സംസാരം. ഒറ്റയ്ക്ക് മുറിയില്‍ കഴിയുമ്ബോള്‍ ടി.വി കാണാന്‍ യുവതിയ്ക്ക് ഇയര്‍ഫോണ്‍ നല്‍കിയിരുന്നു.

കുടുംബത്തിന് സംശയം തോന്നാതിരിക്കാന്‍ മാനസിക വിഭ്രാന്തിയുള്ള ആളെപ്പോലെ പെരുമാറി. എല്ലാവര്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാതെ മുറിയിലേക്ക് കൊണ്ടുപോയി കഴിക്കുന്നത് ശീലമാക്കി. ഒരു ഗ്ളാസിന് പകരം വലിപ്പമുള്ള കപ്പില്‍ ചായ വേണമെന്ന് വാശിപിടിച്ചു. മാനസിക നില തെറ്റിയ മകനെന്ന പരിഗണനയില്‍ രക്ഷിതാക്കള്‍ ചോദ്യങ്ങളില്ലാതെ അനുസരിച്ചു.സ്വഭാവ വത്യാസം കണ്ട വീട്ടുകാര്‍ ഒരിക്കല്‍ റഹ്മാനെ മന്ത്രവാദിയുടെ അടുക്കലേക്കും കൊണ്ടുപോയിരുന്നു. എങ്കിലും സത്യം ലോകമറിയുമോ എന്ന ഭയമായി. അതോടെ മൂന്നുമാസം മുമ്ബ് സജിതയുമായി വീടുവിട്ടിറങ്ങി. കഴിഞ്ഞദിവസം നെന്മാറയില്‍വച്ച്‌ സഹോദരന്‍ കണ്ടതോടെയാണ് നീണ്ട പത്തുവര്‍ഷത്തെ ഒളിച്ചുകളി പുറംലോകം അറിയുന്നത്.