അവിടെ ദിലീപ് പരാജയപ്പെട്ടു, വിജയിച്ചത് പൊലീസ്, പക്ഷെ കോടതിയില്‍ ഇതൊന്നുമാകില്ല, രാഹുല്‍ ഈശ്വര്‍ പറയുന്നു

കൊച്ചി: ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും മറ്റുമായി പ്രധാന ചര്‍ച്ചാ വിഷയം നടി ആക്രമിക്കപ്പെട്ട കേസ് ആണ്. ചാനല്‍ ചര്‍ച്ചകളില്‍ നിറയെ ഈ വിഷയമാണ്. ഇപ്പോള്‍ ദിലീപ് കുറ്റക്കാരനാണെന്ന പൊതുബോധം സൃഷ്ടിച്ചുകൊണ്ടാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ മുന്നോട്ട് പോവുന്നതെന്ന് പറയുകയാണ് രാഹുല്‍ ഈശ്വര്‍. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ ശരിയോ തെറ്റോ ആകാം. അത് ശരിയാണെന്ന് തെളിഞ്ഞാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടണം. ഇവിടെ ബാലചന്ദ്രകുമാര്‍ നടത്തിയതെല്ലാം ആരോപണങ്ങളാണ്. എന്നാല്‍ അതെല്ലാം വെളിപ്പെടുത്തലാണെന്ന ഒരു പൊതുബോധം സൃഷ്ടിച്ച് ദിലീപ് ഒരു വേട്ടക്കാരനാണെന്ന് സ്ഥാപിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ ഒരു മാധ്യമ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ, പൊതുബോധ നിര്‍മ്മിതിയില്‍ അക്കാര്യത്തില്‍ പ്രോസിക്യൂഷനും പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന ആളുകളും വിജയിച്ചിട്ടുണ്ട്. 2017 ലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. എന്നാല്‍ നാല് വര്‍ഷം എന്തുകൊണ്ട് ബാലചന്ദ്രകുമാര്‍ ഇത് മറച്ചു വെച്ചു. ആ ചോദ്യം ചോദിക്കുമ്പോഴെല്ലാം ഞാന്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന ഒഴുക്കന്‍ മറുപടിയാണ് അദ്ദേഹം നല്‍കുന്നത്. ഉത്തരം ഇല്ലാതെ അദ്ദേഹം മാറുകയാണ്. സാങ്കേതികപരമായി ഇവിടെ പ്രശ്‌നമുണ്ട്. ഈ സംഭാഷണങ്ങള്‍ ആദ്യം റെക്കോര്‍ഡ് ചെയ്തു എന്ന് പറയുന്നു ടാബ് ഇന്ന് ലഭ്യമല്ല. ആ ടാബില്‍ നിന്നും മറ്റൊരു കംപ്യൂട്ടറിലേക്ക് അദ്ദേഹം വിവരങ്ങള്‍ മാറ്റി. അതാണ് ഇപ്പോള്‍ ഹാജരാക്കിയത്. സാങ്കേതികമായി വേണമെങ്കില്‍ മാനിപ്പുലേഷന്‍ ഉണ്ടെന്ന് വാദിക്കാം. അത് സാങ്കേതിക വശം മാത്രമാണ്. അതിനപ്പുറം എല്ലാവരും ചോദിക്കുന്ന കാര്യം ഇക്കാര്യങ്ങള്‍ പുറത്ത് പറയാനെടുത്ത കാലതാമസം തന്നെയാണ്. ഇക്കാലയളിവിനുള്ളില്‍ ആ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ?

ഇക്കാലയളവിനുള്ളില്‍ അദ്ദേഹം ദിലീപുമായി പണമിടപാടും നടത്തുന്നുണ്ട്. ദിലീപിന് ജാമ്യം ലഭിക്കാന്‍ വേണ്ടി ബാലചന്ദ്ര കുമാര്‍ ഇടപെട്ടുവെന്ന വെളിപ്പെടുത്തലും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ക്രിമിനല്‍ ഉദ്ദേശത്തോട് കൂടിയാണ് സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ബാലചന്ദ്രകുമാര്‍ ദിലിപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്. ദിലീപ് വഴങ്ങാത്തത് കൊണ്ടല്ലേ ഇപ്പോഴത്തെ ആരോപണങ്ങള്‍ എന്നതാണ് ഏറ്റവും പ്രധാനം. ശശി തരൂരിനെ ഏകദേശം ഏഴ് വര്‍ഷത്തോളമാണ് ദേശീയ തലത്തിലെ ഒരു വലത് പക്ഷ മാധ്യമം വേട്ടയാടിയത്. അന്ന് ശശി തരൂരിന് വേണ്ടി സംസാരിച്ച വളരെ കുറച്ച് പേരില്‍ ഒരാളായിരുന്നു ഞാന്‍. അതില്‍ എനിക്ക് ഇന്നും അഭിമാനമുണ്ട്. കൂട്ടുകാരന്റെ സോക്‌സിനുള്ളില്‍ കഞ്ചാവ് ഉണ്ടെന്നും പറഞ്ഞുകൊണ്ട് ഷാരൂഖ് ഖാന്റെ മകനെ ഇന്ത്യയുടെ മയക്ക് മരുന്ന് മാഫിയയുടെ തലവനാണെന്ന് പറഞ്ഞ് കൊണ്ടും സുശാന്ത് സിങ് ആത്മഹത്യ ചെയ്തപ്പോള്‍ അദ്ദേഹത്തെ കൊന്നത് റിയ ചക്രവര്‍ത്തിയാണെന്നും പറഞ്ഞ് കൊണ്ട് 24 ദിവസം ഒരു പാവം പെണ്‍കുട്ടിയെ ജയിലില്‍ പിടിച്ചിട്ടത് നമ്മള്‍ കണ്ടതല്ലേ.

ഇത്തരത്തില്‍ പലരും വേട്ടയായപ്പെടുന്നത് നമ്മള്‍ കണ്ടതല്ലേ. ഇവരില്‍ പലര്‍ക്കുമെതിരെ കോടതി അനുകൂലമായ നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടാണ്. പോലീസിന് കാര്യങ്ങള്‍ വിശദമായി കോടതിയില്‍ ബോധിപ്പിക്കാന്‍ സാധിച്ചില്ല. ഈ കേസുകളിലെല്ലാം പോലീസ് വിദഗ്ധമായി മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരു സാധാ ദിലീപ് വിരോധിക്ക് ആവേശം നല്‍കുന്ന ഒരുപാട് കാര്യങ്ങള്‍ പൊലീസിന് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദിലീപ് മൊബൈല്‍ ഫോണുകള്‍ മാറ്റിയെന്നാണ് പറയുന്നത്. സാധാരണ മൊബൈല്‍ ഫോണുകളേക്കാള്‍ കൂടുതല്‍ ക്രിട്ടിക്കല്‍ നമ്മുടെ വാട്‌സാപ്പ് മെസേജ്, ചാറ്റ്, കോള്‍ റെക്കോര്‍ഡര്‍, സിം, എസ്എംസ് തുടങ്ങിയ കാര്യങ്ങളാണ്. ഗുഡാലോചന നടത്തുന്ന കാര്യം ആരെങ്കിലും മൊബൈല്‍ ഫോണില്‍ ആരെങ്കിലും റെക്കോര്‍ഡ് ചെയ്ത് വെക്കുമോ. അഞ്ച് ഫോണ്‍ ഒരുമിച്ച് മാറ്റുന്നത് അസ്വാഭാവികമാണ്. തീര്‍ച്ചയായും അത് വിശദീകരിക്കേണ്ടത് തന്നെയാണ്. അതിനേക്കാള്‍ കൂടുതല്‍ വിശദീകരിക്കേണ്ടത് ഈ നാല് വര്‍ഷത്തെ കാലതാമസം ആണെന്നുള്ളത് മറക്കാതിരിക്കുക.

ബൈജു കെ പൌലോസ് എന്തുകൊണ്ടാണ് ബാലചന്ദ്ര കുമാറിനൊപ്പം നില്‍ക്കുന്നത്. നടിയെ ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് ബൈജു കെ പൌലോസ്. ഇതേ ഉദ്യോഗസ്ഥന്‍ കെട്ടിയിറക്കിയ സാക്ഷിയാണ് ബാലചന്ദ്ര കുമാര്‍ എന്നാണ് മുകുള്‍ റോത്തഗി സുപ്രീംകോടതിയില്‍ വാദിച്ചതും ദിലീപ് കൊടുത്ത പരാതിയിലും ഉള്ളത്. ഇവര് തമ്മിലുള്ള ഒരു താല്‍പര്യവും ഇതിന് പിന്നിലില്ലേ എന്ന് സംശയിക്കാവുന്നതാണ്. മുന്‍പ് ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് കൊടുത്ത ഒരു പരാതിയില്‍ ബൈജു കെ പൌലോസിന്റെയും ബാലചന്ദ്ര കുമാറിന്റെയും പരസ്പരമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിക്കപ്പെട്ട കേസിന് പുറത്ത് ബാലചന്ദ്രകുമാറിനോടൊപ്പം ഈ ഉദ്യോഗസ്ഥനും ഉണ്ടെന്ന് പറയുന്നത് തന്നെ പോലീസിലെ ചിലരുടെ ഗൂഡ താല്‍പര്യമാണെന്ന് സംശയിക്കേണ്ടതല്ലേ.

ബാലചന്ദ്രകുമാറിന്റെ സുരക്ഷയെ കൂടി കരുതിയാണ് ദിലീപിനോടൊപ്പം നിര്‍ത്തി ചോദ്യം ചെയ്യാത്തതെന്നാണ് പൊലീസ് പറയുന്നത്. എനിക്ക് കിട്ടിയ വിവരം അങ്ങനെയാണ്. ഇത്രയും പൊലീസ് സംവിധാനം ഉള്ള ഒരു നാട്ടില്‍ ബാലചന്ദ്രകുമാറിനേയും ദിലീപിനെയും ഒരുമിച്ച് വെച്ച് ചോദ്യം ചെയ്ത്, ആരാണ് സിനിമയില്‍ നിന്ന് പിന്‍വാങ്ങിയത്, ഇത് ഇപ്പോള്‍ തുറന്ന് പറയാനുള്ള കാര്യമെന്താണ് തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചൂടെ. എന്നാല്‍ അതിന് തയ്യാറാവാതെ പൊലീസ് ഒരു പൊതുബോധ നിര്‍മ്മിതിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതേ പൊതുബോധ നിര്‍മ്മിതിയല്ലേ ആ ജഡ്ജിക്കെതിരേയും ഉണ്ടായത്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെക്കുന്നതൊക്കെ നമ്മള്‍ ഇവിടെ കണ്ടു. ഒരു കോടതിയില് പ്രോസിക്യൂഷന് പോകാന്‍ പേടിയുണ്ടെന്ന് പറയുന്നു. ഇതൊക്കെ കോടതിയെ അവഹേളിക്കുന്നതിന് തുല്യമല്ലേ. ഒരു വനിതാ ജഡ്ജിയെ അപമാനിക്കുന്നതിന് തുല്യമല്ലേ. പൊതുബോധ നിര്‍മ്മിതിയില്‍ ദിലീപ് പരാജയപ്പെടുകയും പൊലീസ് വിജയിക്കുകയും ചെയ്തു എന്നുള്ളത് സത്യമാണ്. എന്നാല്‍ പൊതുബോധമല്ല തെളിവുകളാണ് കോടതിയില്‍ ഏറ്റവും പ്രധാനം. അത് കോടതിയില്‍ ആര്‍ക്ക് തെളിയിക്കാന്‍ കഴിയുമെന്നതിലാണ് നമ്മള്‍ സത്യം കാണേണ്ടത്.