ലോക്ക്ഡൗണ്‍ പരാജയം, ഇനി എന്ത് ചെയ്യാന്‍ പോകുന്നെന്ന് കേന്ദ്രത്തോട് രാഹുല്‍

ലോക്ക്ഡൗണ്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൌണ്‍ കൊണ്ട് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. രോഗികളുടെ എണ്ണം വര്‍ധിക്കുമ്ബോള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന രാജ്യം ഇന്ത്യ മാത്രമായിരിക്കും. കോവിഡിന് എതിരായ പോരാട്ടത്തില്‍ എന്തു ചെയ്തു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

നാല് ഘട്ടങ്ങളായുള്ള ലോക്ക്ഡൌണിലൂടെ പ്രധാനമന്ത്രി പ്രതീക്ഷിച്ച ഫലമുണ്ടായിട്ടില്ല. രോഗികളുടെ എണ്ണം കൂടുമ്ബോള്‍ എങ്ങനെ മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി? അതിഥി തൊഴിലാളികളെയും സംസ്ഥാനങ്ങളെയും എങ്ങനെ സഹായിക്കാനാണ് ഉദ്ദേശിക്കുന്നത്?” രാഹുല്‍ ഗാന്ധി ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്ബത്തിക പാക്കേജ് പര്യാപ്തമല്ല. സര്‍ക്കാരില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു‌. പക്ഷേ അതിഥി തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ കൂടി. കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കാന്‍ തുടങ്ങിയിട്ടുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.