കോണ്‍ഗ്രസില്‍ മാറ്റത്തിന് സമയമായി. രാഹുല്‍ ഗാന്ധി രാജി വയ്ക്കണം; ചേതന്‍ ഭഗത്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പുറത്തു പോകണമെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത്. കോണ്‍ഗ്രസില്‍ മാറ്റത്തിന് നേരമായി. കോണ്‍ഗ്രസിന് ആരെങ്കിലും കണ്ണാടി കാണിക്കേണ്ട സമയമായിട്ടുണ്ട്. സത്യത്തില്‍ ജനങ്ങള്‍ നാളുകളായി ഇത് പറയുന്നുണ്ട്, പക്ഷേ കോണ്‍ഗ്രസിന് മനസ്സിലാകുന്നില്ലെന്നും ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ അഭിപ്രായത്തില്‍ ചേതന്‍ വ്യക്തമാക്കി.

രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷം ആവശ്യമാണ്. ആരോഗ്യമുള്ള ജനാധിപത്യം ആവശ്യപ്പെടുന്നതും അതാണ്. രാഹുല്‍ നിലനില്‍ക്കണം എന്നാവശ്യപ്പെടുന്നവര്‍ ജനാധിപത്യത്തെയാണ് തകര്‍ക്കുന്നത് – ഭഗത് എഴുതി.

ലോക് സഭ തെരഞ്ഞെടുപ്പിലേറ്റ ദയനീയമായ പരാജയത്തിന് പിന്നാലെ താന്‍ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും പകരക്കാരനെ കണ്ടെത്തണമമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുലിന്റെ രാജി പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. ശശി തരൂരും സച്ചിന്‍ പൈലറ്റും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇപ്പോഴും രാഹുല്‍ തുടരണം എന്ന നിലപാടിലാണ്