ട്രെയിന്‍ കടന്നു പോകവെ പാളത്തിനും പ്ലാറ്റ്ഫോമിനുമിടയില്‍ ജീവൻ മുറുക്കി പിടിച്ചിരുന്ന് അമ്മയും മകനും

ബെംഗളൂരു: ട്രെയിന്‍ കടന്നു പോകവെ പാളത്തിനും പ്ലാറ്റ്ഫോമിനുമിടയില്‍ പരസ്പരം ചേർത്തുപിടിച്ച് ഇരുന്ന് അമ്മയും മകനും. കാലബുര്‍ഗി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. . പാളം മുറിച്ചുകടക്കാന്‍ തുടങ്ങുന്നതിനിടെ ട്രെയിന്‍ സമീപത്തെത്തിയതോടെ ഇരുവരും പ്ലാറ്റ്‌ഫോമിന് താഴെയുള്ള ചുമരില്‍ ചാരി പരസ്പരം ചേര്‍ത്തുപിടിച്ചിരിക്കുകയായിരുന്നു.

ഇരുവര്‍ക്കും കയറാനുള്ള ട്രെയിന്‍ നിര്‍ത്തുന്ന പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തിലെത്താനാണ് ട്രാക്ക് മുറിച്ചുകടന്നത്. എന്നാല്‍, പാളത്തില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിന് മുമ്പ് ട്രെയിന്‍ വന്നു. ട്രെയിന്‍ കടന്നുപോകുന്നതുവരെ പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ ഇരുന്ന് ജീവൻ കാക്കുകയായിരുന്നു അമ്മയും മകനും.

സംഭവം കണ്ടു നിന്നവരും എന്തു സംഭിക്കുമെന്ന് അറിയാതെ വിരണ്ടു നിൽക്കാനെ ആയുള്ളൂ. ട്രെയിന്‍ കടന്നുപോകുന്നതുവരെ പരസ്പരം മുറുകെപ്പിടിച്ചിരിക്കുന്ന അമ്മയുടേയും മകന്റേയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ഇരുവരുടെയും രക്ഷപ്പെടൽ അത്ഭുതകരമെന്ന് തന്നെ പറയണം.