മഴ കുറയുന്നു, തീവ്ര മഴ തീർന്നു എന്ന് കാലാവസ്ഥ കേന്ദ്രം

കേരളത്തിൽ ആശങ്ക വിതറിയും ദുരന്തം ഉണ്ടാക്കിയും വന്ന പെരുമഴക്കാലം തീരുന്നു. മഴയുടെ തീവ്രത ഇനി ഉണ്ടാകില്ല എന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. എം. മഹാപത്ര അറിയിച്ചു.. വടക്കൻ കേരളത്തിൽ തുടരുമെങ്കിലും മഴ അതിശക്തമായിരിക്കില്ല. കേരളത്തിൽ ഒരിടത്തും അതിതീവ്ര മഴയ്ക്കു സാധ്യതയില്ല. എന്നാൽ പ്രളയസാഹചര്യം നിലനിൽക്കുന്നതിനാൽ റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകൾ പാലിക്കണം.ഒരു മാസം കൊണ്ട് ലഭിക്കേണ്ട മഴ 3 ദിവസം കൊണ്ട് കേരലത്തിൽ ലഭിച്ചിരിക്കുന്നു. വയനാട്ടിൽ മുൻ വർഷത്തേ മഴയുടെ ഇരട്ടി ഈ വർഷം പെയ്തു.

12 ന് ബംഗാൾ ഉൾക്കടലിൽ വീണ്ടുമൊരു ന്യൂനമർദം രൂപപ്പെടുന്നുണ്ട്. ഇത് പശ്ചിമ തീരത്തും മഴയ്ക്കു കാരണമാകും. കേരളത്തിലും മഴ ലഭിക്കും. എന്നാൽ ഇത് തീവ്രമാകാൻ സാധ്യത കുറവാണ്. ഈ ന്യൂനമർദം അതീവ ന്യൂനമർദമാകില്ലെന്നാണു നിഗമനം. തന്നെയുമല്ല, ഇത് വടക്കോട്ടു നീങ്ങി ബംഗാളിലാവും മഴയെത്തിക്കുക.

കഴിഞ്ഞ വർഷത്തേതിനു സമാനമായ സാഹചര്യമല്ല ഇത്തവണ കേരളത്തിൽ ഉള്ളത്. കഴിഞ്ഞ വർഷം ഇതേസമയത്ത് സംസ്ഥാനം 25 ശതമാനത്തോളം അധികമഴയിൽ കുതിർന്നു നിൽക്കുമ്പോഴാണു 15–ാം തീയതി കനത്ത മഴ എത്തിയത്. ഇതു സ്ഥിതി വഷളാക്കി. എന്നാൽ ഇത്തവണ സംസ്ഥാനത്ത് 14 ശതമാനം മഴ കുറവാണ്. അതിനാൽ കഴിഞ്ഞ വർഷത്തെപ്പോലെ കേരളമാകെ പ്രളയം ആവർത്തിക്കാൻ സാധ്യതയില്ലെന്നും മഹാപത്ര പറഞ്ഞു.