നീലച്ചിത്ര നിര്‍മാണം, രാജ് കുന്ദ്ര ജാമ്യം നേടി പുറത്തിറങ്ങി;50,000 രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം

മുംബൈ: നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രാജ് കുന്ദ്ര ജാമ്യം നേടി പുറത്തിറങ്ങി. രണ്ടു മാസത്തെ ജയില്‍വാസത്തിന് ശേഷം ഇന്ന് രാവിലെയാണ് കുന്ദ്ര പുറത്തിറങ്ങിയത്. കുന്ദ്രക്ക് കഴിഞ്ഞ ദിവസമാണ് മുംബൈ കോടതി ജാമ്യം അനുവദിച്ചത്. നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

രാജ് കുന്ദ്രയ്‌ക്കെതിരെ 1,400 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കഴിഞ്ഞയാഴ്ച്ച സമര്‍പ്പിച്ചിരുന്നു. രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

50,000 രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ് കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പയ്ക്കും ജാമ്യം ലഭിച്ചിരുന്നു. ഫെബ്രുവരിയില്‍ മുംബൈയിലെ ബംഗ്ലാവില്‍ നടത്തിയ റെയ്ഡിലാണ് സംഭവത്തെക്കുറിച്ച്‌ സൂചന ലഭിക്കുന്നത്. പിന്നീടാണ് അന്വേഷണം കുന്ദ്രയിലേക്ക് നീണ്ടത്.