നല്ല സൗഹൃദത്തിലല്ല. അഞ്ചാറ് വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ട്- രാജസേനൻ

നടന്‍ ജയറാമുമായുള്ള സൗഹൃദം തകര്‍ന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ രാജസേനന്‍. 16 സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച തങ്ങള്‍ ഇപ്പോള്‍ ഫോണില്‍ പോലും സംസാരിക്കാറില്ലെന്നും അതിന്റെ കാരണം തനിക്കറിയില്ലെന്നും രാജസേനന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. രാജസേനന്റെ വാക്കുകള്‍ ഇങ്ങനെ, ‘കടിഞ്ഞൂല്‍ കല്യാണം ഞാൻ ചെയ്യുന്ന സമയത്ത് അന്ന് ജയറാമിനെ വെച്ച്‌ സിനിമ ചെയ്യുന്നതില്‍ നിന്നും പലരും പിൻമാറുന്ന കാലഘട്ടമാണ്’

‘ഞാനും ഒന്നുമല്ലാതിരിക്കുന്നു. ജയറാമും ഒന്നും അല്ലാതിരിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച്‌ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സിനിമയാണ്. നിര്‍മാതാവിനെ കിട്ടാനൊക്കെ പുള്ളിയും ആവതും ശ്രമിച്ചു. സ്ക്രിപ്റ്റിന്റെ സമയത്ത് കുറച്ച്‌ പൈസയും പുള്ളി തന്നു. അന്ന് ജയറാമെന്നോട് കാണിച്ച സ്നേഹത്തിന്റെ നന്ദിയാണ് പിന്നീട് ഞാൻ ചെയ്ത പതിനഞ്ച് സിനിമകളില്‍ കൂടി അദ്ദേഹത്തിന് കൊടുത്തത്’

‘അയലത്തെ അദ്ദേഹം മുതല്‍ കനക സിംഹാസനം വരെയുള്ള സിനിമകളില്‍ ഒന്നോ രണ്ടോ സിനിമകളാണ് ആവേറജ് ആയിപ്പോയത്. ബാക്കിയെല്ലാം 100 ദിവസത്തിലേറെ ഓടിയ സിനിമകളാണ്. ഇപ്പോള്‍ വാസ്തവത്തില്‍ അത്രയും നല്ല സൗഹൃദത്തിലല്ല. അഞ്ചാറ് വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറ് പോലുമില്ല,’ രാജസേനൻ പറഞ്ഞു. എങ്കിലും പഴയ സൗഹൃദം എപ്പോഴും ഓര്‍ക്കാൻ പറ്റുന്ന നല്ല നിമിഷങ്ങളാണെന്നും രാജസേനൻ വ്യക്തമാക്കി. 1991 ല്‍ പുറത്തിറങ്ങിയ സിനിമയാണ് കടിഞ്ഞൂല്‍ കല്യാണം. ഉര്‍വശിയായിരുന്നു സിനിമയിലെ നായിക.

മലയാളത്തില്‍ മകള്‍ എന്ന സിനിമയാണ് ജയറാമിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴില്‍ പൊന്നിയിൻ സെല്‍വൻ എന്ന സിനിമയില്‍ ജയറാം ഒരു വേഷം ചെയ്തു. ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ചെന്നെെയിലാണ് നടനും കുടുംബവും താമസിക്കുന്നത്. മലയാള സിനിമാ വ്യവസായം ചെന്നെെയില്‍ നിന്നും കേരളത്തിലേക്ക് മാറിയിട്ടും നടനിപ്പോഴും ചെന്നെെയിലാണ്.