തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി; രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു

ലോക്സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. രാജസ്ഥാന്‍ പിസിസി അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. തന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിന്റെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റിന് മാത്രമാണെന്ന് അശോക് ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.

‘ ജോഥ്പൂരില്‍ നിന്ന് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് സച്ചിന്‍ പറഞ്ഞ് കൊണ്ടിരുന്നത്. കാരണം തങ്ങള്‍ക്ക് അവിടെ നിന്ന് ആറ് എംഎല്‍എമാരുണ്ട്. ഇലക്ഷന്‍ പ്രചാരണവും അവിടെ മികച്ച രീതിയില്‍ നടത്തി. അതുകൊണ്ട് ആ സീറ്റിന്റെ ഉത്തരവാദിത്തമെങ്കിലും സച്ചിന്‍ സ്വയം ഏറ്റെടുക്കണം. അവിടെ മണ്ഡലത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നതിനെ കുറിച്ച് കൃത്യമായ അവലോകനം ആവശ്യമാണെന്നും’ അശോക് ഗെഹ്ലോട്ട് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ജോഥ്പൂരില്‍ വലിയ വ്യത്യാസത്തിലാണ് ഇക്കുറി വൈഭവ് ഗെഹ്ലോട്ട് പരാജയപ്പെട്ടത്.പാര്‍ട്ടി ഇവിടെ 25 സീറ്റുകളിലാണ് പരാജയപ്പെട്ടത്. മുഖ്യമന്ത്രിക്കാണോ പിസിസി അദ്ധ്യക്ഷനാണോ പരാജയത്തിന്റെ ഉത്തരവാദിത്തമെന്ന് ചോദിച്ചാല്‍ അത് ഇരുകൂട്ടര്‍ക്കും തുല്യമാണ്, ഒരാളുടെ തലയിലേക്ക് മാത്രം കെട്ടിവയ്ക്കേണ്ട ആവശ്യമില്ല. ഇവിടെ എല്ലാം തന്റെ മേലേക്കാണ് വരുന്നത്. വിജയിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ധാരാളം പേര്‍ വരുമെന്നും, പരാജയപ്പെട്ടാല്‍ ആരും യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു.