നിന്നെ എനിക്ക് വേണം എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്, ക്യാന്‍സറിനെ പോരാടി തോല്‍പിച്ച് രാജി ടീച്ചര്‍ പറയുന്നു

പലപ്പോഴും വലിയ സന്തോഷത്തോടെ മുന്നോട്ട് പോകുന്ന ജീവിതത്തില്‍ വില്ലനെ പോലെ കടന്ന് വരുന്ന പല അസുഖങ്ങളുമുണ്ട്. അത്തരത്തില്‍ ഒന്നാണ് ക്യാന്‍സര്‍. പേര് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഭയമാണ്. എനന്ാല്‍ ഈ മഹാവ്യാധിയോട് പോരാടി ജയിച്ചിരിക്കുകയാണ് രാജി ടീച്ചര്‍. തേവര സേക്രട്ട് ഹാര്‍ട്‌സ് സ്‌കൂളിലെ മലയാളി അധ്യാപികയാണ് രാജി ജി നായര്‍. ഏതൊരു കാന്‍സര്‍ രോഗിക്കും കുടുംബത്തിനും വലിയ പ്രചോദനമാണ് രാജി ടീച്ചറുടെ പോരാട്ട കഥ. ഒരു ചാനല്‍ പരിപാടിയിലാണ് രാജി തന്റെ ജീവിത കഥ വിവരിച്ചത്.

രാജി ടീച്ചര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത് 2020 മെയ് മാസത്തിലാണ്. വയറിലും കാലിലും നീര് വന്ന് വീര്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ ആണെന്ന് വ്യക്തമായി. എന്നാല്‍ കാര്യങ്ങള്‍ അല്‍പം സങ്കീര്‍ണമായിരുന്നു. ട്യൂമര്‍ വളര്‍ന്ന് തുടങ്ങിയിരുന്നു. ഫ്‌ലൂയിഡ് വന്ന് നിറഞ്ഞത് കൊണ്ട് സര്‍ജറി സാധ്യമാകാത്ത അവസ്ഥ ആയിരുന്നു. കീമോ ചെയ്ത് ട്യൂമര്‍ ചുരുക്കിയ ശേഷം മാത്രമേ ശസ്ത്രക്രിയ ചെയ്യാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ആ ദിവസങ്ങളില്‍ സഹിക്കാനാവാത്ത വേദനയും ബുദ്ധിമുട്ടുകളുമായിരുന്നു രാജി ടീച്ചര്‍ക്ക് നേരിടേണ്ടി വന്നത്.

രാജിയുടെ ഭര്‍ത്താവ് അനില്‍കുമാര്‍ ഒമാന്‍ ഷിപ്പിയാഡില്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുകയാണ്. ഇൗ സമയം കോവിഡ് കാരണം യാത്രാ വിലക്ക് ഉണ്ടായിരുന്നതിനാല്‍ ഒരാഴ്ച കഴിഞ്ഞാണ് അദ്ദേഹത്തിന് നാട്ടിലെത്താനായത്. ‘നിന്നെ എനിക്ക് വേണം’ എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് രാജി പറയുന്നു.

മകനും അമ്മയും ബന്ധുക്കളും സഹപ്രവര്‍ത്തകരും എല്ലാം രാജിക്ക് ധൈര്യവും ആശ്വാസവും പകര്‍ന്ന് ഒപ്പം നിന്നു. രണ്ടാം കീമോയ്ക്ക് ശേഷം മുടി ഒക്കെ പൊഴിഞ്ഞു. അത് രാജിടീച്ചറെ ഏറെ സങ്കടപ്പെടുത്തി. മരണം പോലും മുന്നില്‍ കണ്ട നിമിഷങ്ങളായിരുന്നു. അതെല്ലാം അതിജീവിച്ച് ക്യാന്‍സറിനെ തോല്‍പ്പിച്ച് രാജി ടീച്ചര്‍ ജീവിതത്തിലേക്ക് തിരികെ എത്തി. ‘എന്നെ തേല്‍പ്പിക്കാന്‍ ഒരു കാന്‍സറിനും പറ്റില്ല’ എന്ന് ഇന്ന് ആത്മവിശ്വാസത്തോടെ പറയുകയാണ് രാജി ടീച്ചര്‍.