ചെങ്കോൽ തമിഴ് ശക്തിയുടെ ചിഹ്നം, പുതിയ പാർലമെന്റിൽ സ്ഥാപിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി അറിയിച്ച് രജനീകാന്ത്

‘തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോൽ ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങും. തമിഴർക്ക് അഭിമാനം സമ്മാനിച്ച ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആത്മാർത്ഥമായി നന്ദി പറയുന്നു’- രജനീകാന്ത് പറഞ്ഞു.

ബ്രിട്ടനിൽ നിന്ന് സ്വതന്ത്ര ലബ്ദിയോടെ ഇന്ത്യയ്‌ക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകമായി ജവഹർലാൽ നെഹ്റു ഏറ്റുവാങ്ങിയിരുന്ന സ്വർണച്ചെങ്കോൽ പുതിയ പാ‌ർലമെന്റിൽ സ്ഥാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത് ട്വീറ്റ് ചെയ്തു. തമിഴ് ജനതയുടെ കരുത്തിന്റെ പ്രതീകമാണ് ചെങ്കോൽ എന്നാണ് രജനീകാന്ത് ഇത് സംബന്ധിച്ച ട്വീറ്റിൽ പറഞ്ഞിട്ടുള്ളത്.

ഞായറാഴ്ച രാവിലെ നടന്ന പുതിയ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി സ്പീക്കറുടെ ഇരിപ്പിടത്തോടുചേർന്ന് ചെങ്കോൽ സ്ഥാപിക്കുകയാ യിരുന്നു. തമിഴ്നാട്ടിൽ നിന്ന് എത്തിയ പൂജാരിമാർ ശനിയാഴ്ച പ്രധാനമന്ത്രിയ്ക്ക് ചെങ്കോൽ കൈമാറിയിരുന്നു.

ഇത് വരെ നെഹ്റുവിന്റെ വസതിയായിരുന്ന അലഹബാദിലെ ദേശീയ മ്യൂസിയത്തി ലാണ് ചെങ്കോൽ സൂക്ഷിച്ചിരുന്നത്. ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ രാജാജിയുടെ താത്പര്യപ്രകാരം തമിഴ്നാട്ടിലാണ് ഈ ചെങ്കോൽ നിർമ്മിച്ചത്. അധികാര കൈമാറ്റം എങ്ങനെയാവണമെന്ന് ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റൺ നെഹ്റുവിനോട് ചോദിച്ചതാണ് ചെങ്കോലിന്റെ പിറവിക്ക് കാരണമാവുന്നത്. രാജഗോപാലാചാരിയോടാണ് നെഹ്റു ഇത് സംബന്ധിച്ച് ഉപദേശം തേടിയത്. തമിഴ്നാട്ടിൽ ചോള രാജാക്കന്മാർ രാജപുരോഹിതനിൽ നിന്ന് ചെങ്കോൽ ഏറ്റുവാങ്ങുന്ന രീതി സ്വീകരിക്കാമെന്ന് രാജാജി പറയുകയായിരുന്നു.

തുടർന്ന് തമിഴ്നാട്ടിലെ തിരുവുടുതുറൈ മഠാധിപതിയെ അദ്ദേഹം ഇതിന്റെ ചുമതല ഏല്പിക്കുകയാണ് ഉണ്ടായത്. അന്നത്തെ മദ്രാസിൽ ജൂവലറി നടത്തിയിരുന്ന വുമ്മിടി ബങ്കാരു ചെട്ടിയാണ് മഠാധിപതിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ചെങ്കോൽ നിർമ്മിച്ചത്. വെള്ളിയിൽ നിർമ്മിച്ച് സ്വർണം പൂശിയ ചെങ്കോലിന്റെ അഗ്രത്തിൽ പരമശിവന്റെ വാഹനമായ നന്ദിയുണ്ട്.