എല്ലാം സജ്ജം, ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തേജസില്‍ പറന്ന് രാജ് നാഥ് സിംഗ്

തേജസ് യുദ്ധവിമാനത്തില്‍ ആകാശയാത്ര നടത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബംഗളൂരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇരട്ടസീറ്റുള്ള തേജസില്‍ വ്യോമസേന പൈലറ്റിനൊപ്പം രാജ്‌നാഥ് സിംഗ് പറന്നത്. രാജ്യം വികസിപ്പിച്ച ഏറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനമായ തേജസില്‍ ആദ്യം യാത്ര ചെയ്യുന്ന പ്രതിരോധ മന്ത്രിയാണ് രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ ലഘു പോര്‍വിമാന പദ്ധതിക്കുള്ള പിന്തുണയായാണ് രാജ്‌നാഥ് സിംഗ് തേജസിലേറിയത്.

ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച് എച്ച്.എ.എല്‍ നിര്‍മിച്ച പോര്‍വിമാനമാണ് തേജസ്. ലഘുപോര്‍വിമാനമായ തേജസിന്റെ അറസ്റ്റഡ് ലാന്‍ഡിങ് കഴിഞ്ഞദിവസം വിജയകരമായി നടന്നിരുന്നു.ഗോവയിലെ നാവികസേനാ പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് ഹംസയിലാണ് തേജസ് അറസ്റ്റഡ് ലാന്‍ഡിങ് നടത്തിയത്.

2016 ജൂലൈ ഒന്നിനാണ് വ്യോമസേനയുടെ ഫ്ളൈയിങ് ഡാഗേഴ്സ് സ്‌ക്വാന്‍ഡ്രനിന്റെ ഭാഗമാകുന്നത്. നിലവില്‍ 14 തേജസ് വിമാനമാണ് വ്യോമസേനയുടെ ഭാഗമായി ഉള്ളത് . നാലെണ്ണം കൂടി വ്യോമസേന ഏറ്റെടുത്തെങ്കിലും അത് എച്ച്.എ.എല്ലിന്റെ കൈവശം തന്നെയാണുള്ളത്.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണ് ഈ യുദ്ധവിമാനത്തിന് തേജസ് എന്ന് നാമകരണം ചെയ്തത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയും ചേര്‍ന്നാണ് തേജസ് നിര്‍മ്മിച്ചത്. 2000 കിലോമീറ്ററിലധികമാണ് വേഗത. 5000 അടിയിലധികം ഉയരത്തില്‍ പറക്കാന്‍ ഇതിന് കഴിയും.