രാഖിശ്രീ എന്ന മിടുക്കിയുടെ മരണത്തിനു പിന്നിൽ ഡിവൈഎഫ്ഐ നേതാവ് അർജുൻ

തിരുവനന്തപുരം ചിറയിൻകീഴ് പത്താംക്ലാസ് വിദ്യാർത്ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ വേദനയിലാണ് നാടും വീട്ടുകാരും. മകളുടെ മരണത്തിനു പിന്നാലെ ആരോപണങ്ങളുമായി രാഖിശ്രീയുടെ പിതാവ് രം​ഗത്തെത്തി. ചിറയിൻകീഴ് സ്വദേശി 28കാരനായ അർജുന്റെ നിരന്തര ശല്യം കാരണമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് പിതാവ് കർമ ന്യൂസിനോട് പറഞ്ഞു. മാസങ്ങൾക്ക് മുൻപാണ് രാഖിശ്രീ യുവാവിനെ സ്‌കൂളിലെ പരിപാടിക്കിടെ കാണുന്നത്. പിന്നീട് യുവാവ് മകളെ നിരന്തരം ശല്യം ചെയ്യുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

വീട്ടിൽ സംഭവമറിഞ്ഞപ്പോൾ അർജുന്റെ വീട്ടിൽ പോയി സംസാരിച്ചിരുന്നു. തന്റെ മകൻ ഇനി പ്രശ്നമൊന്നും ഉണ്ടാക്കില്ല എന്ന് പറഞ്ഞതാണ്. ഏകദേശം ആറു മാസക്കാലം ശല്യം ഒന്നും ഇല്ലായിരുന്നു. മകൾക്ക് അർജുന്റെ കാര്യത്തിൽ നല്ല പേടിയായിരുന്നു. പലപ്പോഴും മകൾ ഇത് തന്നോട് പറയുകയും ചെയ്തിട്ടുണ്ട്. എന്റെ മകൾക്ക് വന്ന ​ഗതി വേറെ ആർക്കും വരരുതെന്നും പിതാവ് കരഞ്ഞു കൊണ്ട് കർമ ന്യൂസിനോട് പറഞ്ഞു. അർജുന് ഇന്ത്യൻ നിയമത്തിന് കൊടുക്കാൻ പറ്റുന്ന തക്കതായ ശിക്ഷ നൽകണമെന്ന് നാട്ടുകാരും പറഞ്ഞു

എസ്എസ്എൽസി പരീക്ഷയ്ക്ക് രാഖിശ്രീയ്ക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ച സന്തോഷത്തിലായിരുന്നു രാഖിശ്രീയുടെ കുടുംബം. ഈ ദിവസമാണ് രാഖിശ്രീ ആത്മഹത്യ ചെയ്തതും. എസ്എസ്എൽസി ഫലമറിഞ്ഞ ശേഷം രാവിലെ സ്‌കൂളിൽ നടന്ന അനുമോദന ചടങ്ങിലും രാഖിശ്രീ പങ്കെടുത്തിരുന്നു. അതിനുശേഷം വൈകിട്ടാണ് കൂന്തള്ളൂരിലെ വീട്ടിലെ ശുചിമുറിക്കുള്ളിൽ വച്ച പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.