അഞ്ച് മക്കളെ സമ്മാനമായി നൽകിയതിന് രമാദേവി കണ്ണന് നൽകിയത് സ്വർണ്ണത്തള

മലയാളികൾ ഒന്നടങ്കം കാത്തിരുന്ന മുഹൂർത്തമായിരുന്നു പഞ്ചരത്നങ്ങളുടെ വിവാഹം.നാലു പെൺമക്കളുടെയും വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും ഒരാളുടെ വരന് ​ഗൾഫിൽ നിന്നും എത്താൻ സാധിക്കാത്തതിനാൽ മൂന്നുപേരുടെ വിവാഹം ഇന്ന് നടന്നു.അഞ്ചു മക്കൾക്കുമൊപ്പം അമ്മ രമാദേവി വെള്ളിയാഴ്ച ഗുരുവായൂരിലെത്തി കണ്ണന് സ്വർണത്തള കാണിക്കയായി നൽകി. കണ്ണന് എത്ര കൊടുത്താലും മതിയാകില്ല. കാരണം കണ്ണൻ തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും. അവരെ പോറ്റിവളർത്താനുള്ള കരുത്ത് തന്നതും കണ്ണൻ തന്നെ ക്ഷേത്രസന്നിധിയിൽ പഞ്ചരത്‌നങ്ങളെ ചേർത്തുപിടിച്ച് രമാദേവി പറഞ്ഞു

രാവിലെ 7.45-നും 8.30-നുമുള്ള മുഹൂർത്തത്തിലാണ് ഉത്ര, ഉത്തര, ഉത്തമ എന്നിവർ വിവാഹതിരായത്. ഇവരുടെ സഹോദരി ഉത്രജയുടെ വരൻ വിദേശത്തായതിനാൽ വിവാഹം പിന്നീടാണ് നടത്തുക.മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവർത്തകൻ തന്നെയായ കോഴിക്കോട് സ്വദേശി കെബി മഹേഷ് കുമാറാണ് മിന്നണിയിച്ചത്. അനസ്തീഷ്യ ടെക്‌നീഷ്യൻ ഉത്തമയെ മസ്‌കറ്റിൽ അക്കൗണ്ടന്റായ ജി വിനീതും വിവാഹം ചെയ്തു. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യ ടെക്‌നീഷ്യൻ ഉത്രജയുടെ വരൻ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തിൽ അനസ്തീഷ്യ ടെക്‌നീഷ്യൻ തന്നെയാണ്. പെൺമക്കളിൽ നാലുപേരുടെയും വിവാഹം ഒന്നിച്ചു നടത്താനായിരുന്നു തീരുമാനം. എന്നാൽ, കൊറോണ വൈറസ് വ്യാപനവും മറ്റും വന്നതോടെ ആകാശിന് നാട്ടിലെത്താൻ കഴിയാത്തതുകാരണം അവരുടെ വിവാഹം മാത്രം നീട്ടിവെയ്ക്കുകയായിരുന്നു.

നാല് പെൺമക്കളുടേയും വിവാഹം ഒരുമിച്ച് നടത്തണം എന്നായിരുന്നു രമാദേവി നിശ്ചയിച്ചിരുന്നത്.എന്നാൽ ഉത്രജയുടെ വരൻ വിദേശത്തായതുകൊണ്ട് ഈ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.ഇപ്പോൾ മക്കൾക്ക് 24 വയസായി,ഇതിനിടെ തിരിച്ചടികളെ ജീവിച്ചു തോൽപ്പിക്കാൻ ഈ അമ്മ കുടിക്കാത്ത കണ്ണുനീരില്ല.അപ്പോഴൊക്കെ മലയാളികൾ ഇവരോടു ചേർന്നു നിന്നു.സന്തോഷങ്ങൾക്കിടയിലേക്കുള്ള ഇടിത്തീയായിരുന്നു കുട്ടികളുടെ അച്ഛൻ പ്രേമകുമാറിന്റെ മരണം.പക്ഷേ,മക്കളെ ചേർത്തുപിടിച്ച് തളരാതെ നിന്ന രമാദേവിയെ ഹൃദയം അപ്പോഴേക്കും തളർത്താൻ തുടങ്ങിയിരുന്നു.പ്രതിസന്ധികളെ തൂത്തെറിയാൻ പല ദിക്കുകളിൽ നിന്ന് കരങ്ങൾ നീണ്ടു.കടങ്ങൾ വീട്ടി.

ജില്ലാ സഹകരണ ബാങ്കിൽ രമയ്ക്ക് സർക്കാർ ജോലി നൽകി.ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്.സഹകരണ ബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ജോലിയുള്ള രമാദേവിയെ ഇപ്പോഴും ഹൃദയം ഓർമിപ്പിക്കാറുണ്ട്,ഒന്നു സൂക്ഷിക്കണമെന്ന്.എസ്എടി ആശുപത്രിയിൽ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു 1995 നവംബറിൽ അഞ്ച് പേരുടെയും ജനനം.പിറന്നത് ഉത്രം നാളിലായതിനാൽ നാളു ചേർത്ത് മക്കൾക്ക് പേരിട്ടു.