റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി ആറു മാസം പ്രായമുള്ള കുഞ്ഞിന് അനക്കം നിലച്ചു, രക്ഷപെട്ടത് തലനാരിഴയ്ക്ക്

ആലുവയിൽ നാണയം വിഴുങ്ങി കുട്ടി മരിച്ചതിന്റെ ഞെട്ടലിൽ നിന്നും മലയാളികൾ ഇതുവരെയും വിട്ടുമാറിയിട്ടില്ല. അതിനിടയിലാണ് ആറു മാസം പ്രായമുള്ള കുട്ടി റംബൂട്ടാൻ വിഴുങ്ങിയെന്ന വാർത്ത പുറത്തുവവരുന്നത്. എന്നാൽ ആശുപത്രി അധികൃതരുടെയും മാതാപിതാക്കളുടെയും ഇടപെടൽ മൂലം ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. ആലുവ സ്വദേശികളായ ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞാണ് മൂന്ന് ദിവസത്തെ ചികിത്സക്കുശേഷം അപകടനില തരണം ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച (ജൂലൈ 28)യാണ് പഴം ശ്വാസനാളിയിൽ കുടുങ്ങി കുഞ്ഞ് ബോധരഹിതനായത്. ഉടൻതന്നെ ആലുവ രാജഗിരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.15 മിനിട്ടോളം നീണ്ട ശ്രമകരമായ ചികിത്സക്കൊടുവിലാണ് ഹൃദയമിടിപ്പ് വീണ്ടെടുത്തത്. ബ്രോങ്കോസ്‌കോപ്പി പ്രക്രിയയിലൂടെയാണ് ശ്വസനനാളത്തിൽ കുടുങ്ങിയ റംബുട്ടാൻ പൂർണമായും പുറത്തെടുത്തത്. പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു കുട്ടി.

ശ്വാസകോശം സാധാരണ നിലയിൽ ആകാനും മസ്തിഷ്‌കത്തിന് സംഭവിച്ചേക്കാവുന്ന തകരാറുകൾ ഒഴിവാക്കാനുമായിരുന്നു പിന്നീടുള്ള ശ്രമം.ഘട്ടം ഘട്ടമായി വെന്റിലേറ്ററിന്റെ സഹായം കുറച്ചുകൊണ്ടു വന്നു. അമ്മയുടെ മുലപ്പാൽ നുണഞ്ഞു തുടങ്ങിയ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമായതിനെ തുടർന്ന് തീവ്ര പരിചരണവിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റി