ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ ആഞ്ഞടിച്ചു രമേശ് ചെന്നിത്തല

ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ ആഞ്ഞടിച്ചു രമേശ് ചെന്നിത്തല. ഓർഡിനൻസിനെ ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ സർക്കാർ വീഴുമെന്ന് സമ്മതിച്ചെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ.ബിന്ദുവിനും എതിരെയുള്ള ഹർജികളിലെ വിധിയെ ഭയന്നാണ് നിയമ സഭ കൂടുന്നതിന് പോലും കാത്തുനിൽക്കാതെ ഭേദഗതി ഓർഡിനൻസ് നീക്കമെന്നും ചെന്നിത്തല പറഞ്ഞു.

അപ്പീലില്ലാത്തതിനാൽ ഇപ്പോഴത്തെ നിയമമനുസരിച്ച് ലോകായുക്ത തീരുമാനിച്ചാൽ ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയുമെന്ന് കോടിയേരി ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.

അതേ സമയം, ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ ഭിന്നത. ലോകായുക്ത ഭേദഗതിക്കെതിരെ പരസ്യ വിമർശനവുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. വിഷയത്തില്‍ രാഷ്ട്രീയ കൂടിയാലോചനകളൊന്നും നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ അടുത്ത മാസം ചേരാനിരിക്കെ എന്തിനാണ് തിടുക്കമെന്ന് ഇന്നലെ മുതൽ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യമാണ് ഇന്ന് കാനവും ഏറ്റെടുത്തതെന്നത് ശ്രദ്ധേയമാണ്.