രണ്ടു പെറ്റപ്പോൾ പെണ്ണ് ഞങ്ങളുടെ ചെറുക്കനെ എടുത്തു വിഴുങ്ങുമെന്ന് വീട്ടുകാർ പറഞ്ഞു- റാണി നൗഷാദ്

പതിനെട്ടു വയസ്സുള്ളപ്പോൾ തനിക്കു കേൾക്കേണ്ടി വന്ന ബോഡി ഷെയിമിം​ഗുകളെക്കുറിച്ച് സോഷ്യമലമ‍ മീഡിയയിൽ തുറന്നെഴുതുകയാണ് റാണി നൗഷാദ് എന്ന വീട്ടമ്മ. ആ പ്രസവത്തോടെ വലിഞ്ഞു തൂങ്ങി വികൃതമായിപ്പോയ വീർത്ത വയറുമായി ഞാൻ എന്ന പതിനേഴുകാരി ജീവിച്ചത് ഇരുപത്തി മൂന്നു വർഷക്കാലം…എന്റെ കൗമാരവും യവ്വനവും ദുരിതത്തിലാഴ്ന്ന് പോയ നീണ്ട ഇരുപത്തി മൂന്നു വർഷങ്ങൾ…. കാണുന്നവരെല്ലാം ഗർഭിണിയാണോ എന്ന് ചോദിച്ചു കൊണ്ടേ ഇരുന്നു…അന്ന് നീരു വച്ചു വീർത്ത ശരീരത്തിൽ തൈറോയ്ഡും empty sella യും താണ്ഡവമാടി….എന്റെ കുഞ്ഞുങ്ങളെ എന്തെങ്കിലും കാര്യത്തിന് ഞാനൊന്നു വഴക്കുപറഞ്ഞാൽ ഭർത്താവിന്റെ വീട്ടുകാർ പറയുമായിരുന്നു അതുപിന്നെങ്ങനാ നൊന്തു പെറ്റതല്ലല്ലോ കീറിയെടുത്തതല്ലേന്ന്…കീറിയെടുത്തതിന്റെ മൂന്നാം നാൾ ഒരു നിമോണിയ പിടിപെട്ടു… അന്ന് നിർത്താതെ ചുമയ്ക്കുമ്പോൾ വീർത്തു വരുന്ന വയറിന്റെ തയ്യലുകൾ പൊട്ടിപ്പോകാതിരിക്കാൻ വയറു തുണികൊണ്ട് വലിച്ചുകെട്ടുകയും, ചുമയ്ക്കാൻ തുടങ്ങുമ്പോൾ ഭർത്താവും നഴ്സുമാരും ചേർന്നു തയ്യലോടെ വയറു ബലമായി അമർത്തി പിടിക്കുകയും ചെയ്യുമായിരുന്നു… അന്ന് ഞാനറിഞ്ഞ വേദനയും എന്റെ കണ്ണുകളിൽ നിന്നൊഴുകിയ ചോരയുടെ രുചിയുള്ള കണ്ണീരും ഇന്നും എനിക്ക് മറക്കാനാവില്ലെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

പണ്ടുള്ളവർ പറയും ഒരു കൈയില്ലാത്തവൻ ഒരു വിരലില്ലാത്തവനെ കുറ്റം പറയുന്നുവെന്ന്… ബോഡി ഷെയിമിംഗും അതുപോലെയാണ്. എല്ലാം തികഞ്ഞവർ ആണെന്ന് ധരിച്ച് മറ്റുള്ളവരെ കളിയാക്കുന്നവർ…. സിനിമാ നടി പാർവതിയുടെ ഒരു ചിത്രത്തിനു താഴെ കണ്ട കമെന്റുകൾ കണ്ട് ഞെട്ടിപ്പോയി…. അതുകണ്ടപ്പോൾ പതിനെട്ടു വയസുമുതൽ ഞാൻ കേൾക്കേണ്ടി വന്ന താഴ്ത്തിക്കെട്ടലുകളും കുത്തുവാക്കുകളും ഒന്നെഴുതണമെന്നു തോന്നി….സത്യത്തിൽ നമ്മൾ മലയാളികളാണോ അതോ കൊലയാളികളോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്..!! ഒറ്റക്കുട്ടിയായതിനാലും വാപ്പച്ചിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാലുമാണ് പ്രീഡിഗ്രി രണ്ടാം വർഷം പഠിച്ചു കൊണ്ടിരിക്കുമ്പോൾ പതിനേഴുപോലും തികയാത്ത പ്രായത്തിൽ വിവാഹിതയാകേണ്ടി വന്നത്…….അതുകൊണ്ടുതന്നെ പതിനെട്ടു തികയാത്ത അമ്മയുമായി….

മോനെ ഗർഭിണിയായ സമയം മുതൽക്കേ ശരീരികമായ ഒരുപാടു പ്രശ്നങ്ങൾ എന്നെ തളർത്തിതുടങ്ങിയിരുന്നു…
കാണാൻ ഒട്ടും തന്നെ വണ്ണമില്ലാതിരുന്ന എന്റെ ശരീരം നീരു കൊണ്ടു വീർത്തു കെട്ടി. മൂന്നുമാസം മുതൽക്ക് രണ്ടു കാലുകളും നീരു വച്ചു പൊങ്ങി…വയറ്റിൽ ഫ്ലൂയിഡിന്റെ അളവു കൂടുതൽ ആയിരുന്നതിനാൽ അഞ്ചാം മാസമൊക്കെ ആയപ്പോൾ തന്നെ ഒൻപതു മാസം ചെന്നപോലുണ്ടായിരുന്നു…കുട്ടി ബ്രീച് പൊസിഷൻ, കുഞ്ഞിന്റെ കഴുത്തിലും ദേഹത്തുമൊക്കെയായി അമ്പ്ളിക്കൽ കോഡും (ഡബിൾ)ചുറ്റിയിട്ടുണ്ട്…ബിപി കൂടുതൽ ആയതുകൊണ്ടു തന്നെ Nicardia എല്ലാദിവസവും കഴിക്കേണ്ടതായും വന്നു….അതുകൊണ്ട് തന്നെ എന്നോടൊപ്പം എന്റെ വയറ്റിൽ എന്റെ കുഞ്ഞും സുഖമായിട്ട് കിടന്നുറങ്ങി… ഞാനുണർന്നാലും അവൻ ഉണരാൻമടികാണിച്ചു…. പലപ്പോഴും കുഞ്ഞിന്റെ അനക്കം ഒട്ടുമറിയാൻ കഴിയാത്ത ദിനങ്ങൾ…

ഏഴാം മാസം മുതൽ പ്രസവം കഴിയുന്നതു വരെ ആശുപത്രിയിൽ സ്ഥിരം പാർക്കേണ്ടതായ് വന്നു…1995 ജൂലൈ നാല് പുലർച്ചെ അഞ്ചുമണി. അസഹ്യമായ വേദനയോടെയാണ് ഉറക്കമുണരുന്നത്… ആ വേദന കൂടി വന്നപ്പോൾ തന്നെ ലേബർ റൂമിൽ കയറ്റി… സമയം രാവിലെ ഏഴ്… മുന്നേ തീരുമാനിച്ച പ്രകാരമുള്ള ഓപ്പറേഷൻകാരൊന്നുംതന്നെ അന്ന് അവിടെ ഉണ്ടായിരുന്നില്ല. എന്നോടൊപ്പം കയറിയവർ ഓരോരുത്തരായി നിലവിളിക്കുന്നതും, പുഷ് ചെയ്യുന്നതും ചിലർ കുറച്ചു കൂടുതൽ സമയം ബുദ്ദിമുട്ടുന്നതും ഒടുവിൽ പ്രസവം കഴിഞ്ഞു പോകുന്നതും ഞാൻ കണ്ടുകൊണ്ട് കിടക്കുകയാണ്….വേദനയും ഭയവും ഇരട്ടിക്കുന്ന നിമിഷങ്ങൾ….കാഴ്ചയിൽ പതിനേഴു വയസ്സിന്റെ മുഖവും ശരീരവും അന്നെനിക്ക് നഷ്ടമായിരുന്നു…കാണുമ്പോൾ തോന്നുന്ന മുപ്പതു വയസ്സിൽ കുറയാത്ത രൂപം എന്നെ ഒരുപാട് ദുഖിപ്പിച്ചിരുന്നു…എനിക്ക് ട്രിപ്പ്‌ തന്നു. പെയിൻ കൂടുന്നുണ്ട്. പക്ഷേ മറ്റൊന്നും സംഭവിക്കുന്നില്ല. പത്തുമണിയോടെ അംനോട്ടിക് ഫ്ലൂയിഡ് ബ്രേക്ക് ആയി… എനിക്ക് ദാഹിച്ചിട്ട് തൊണ്ട വരണ്ടു പൊട്ടുന്നുണ്ടായിരുന്നു…

എന്റെ നിലവിളി പുറത്തു നിൽക്കുന്ന ഉമ്മയും കെട്ടിയോനും കേട്ട് സങ്കടപ്പെട്ടുകൊണ്ടിരുന്നു…. വൈകുന്നേരം മൂന്നുമണി…. കുറെ ഡോക്ടർമാർ കൂടി നിന്ന് എന്തൊക്കെയോ പറയുന്നു… അവർ ഇടക്ക് അടുത്തുവന്നു സമാധാനിപ്പിക്കുകയും ബീറ്റോസ്കോപ്പ് വയറ്റിൽ അമർത്തി ചെവിയോട് ചേർത്തുപിടിച്ച് കുഞ്ഞിന്റെ ഹൃദയമിടിപ്പ് പരിശോധിക്കുകയും ചെയ്യുന്നുണ്ട്….അവരുടെ സംസാരത്തിന്റെ ആകുലതകൾ എനിക്ക് വ്യക്തമായിരുന്നു…കോഡ് ചുറ്റിയതിന്റെ പ്രശ്നങ്ങൾ മാത്രമല്ല. കുഞ്ഞിന് തിരിഞ്ഞു വരാനോ അനങ്ങാനോ കഴിയാത്തവിധം കുഞ്ഞു മയക്കത്തിലാണ്….പെട്ടെന്ന് തന്നെ സിസേറിയൻ ചെയ്യാനുള്ള കൂട്ടായ തീരുമാനം എടുത്തപ്പോൾ,,,അനസ്ഥേഷ്യ തരാനുള്ള ഡോക്ടർ ഇല്ല എന്നതും ഗൗരവമുള്ളതായി…എന്റെ ഭർത്താവ് ആ ഡോക്ടറുടെ വീട്ടിലും തുടർന്ന് അദ്ദേഹം പർച്ചെസ് ചെയ്യാൻ പോയി എന്നറിഞ്ഞ സ്ഥലത്തുമൊക്കെ അന്വേഷിച്ചു ചെന്നു കണ്ടുപിടിച്ച് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു….സമയം 6.30 ശ്വാസം പോലും എടുക്കാനോ കരയാനോ വയ്യാത്ത വിധം അവശയായിപ്പോയ ഒരു കൗമാരക്കാരി അമ്മ. മരണത്തിനും ജീവിതത്തിനും ഇടയിൽ ഉള്ള നേർത്ത നൂൽപ്പാലത്തിൽ കണ്ണയക്കാൻ പോലും കഴിയാതെ കൂമ്പിയടഞ്ഞ കൃഷ്ണമണികൾ കറങ്ങി മറിഞ്ഞു മയ്യത്തിനു സമമായി കിടക്കുകയാരുന്നു… കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് അപകടകരമാം വിധം താഴോട്ട്….പെട്ടെന്ന് നട്ടെല്ല് വളച്ചുള്ള കുത്തിവയ്പ്പ്. അലർജി ഉണ്ടോ മറ്റു പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നൊന്നും നോക്കാൻ പോലും കഴിഞ്ഞിരുന്നില്ല….

സിസേറിയൻ ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി, ഏഴുമണിക്ക് കുട്ടിയെ പുറത്തെടുക്കുന്നു… ആൺകുട്ടി…. അമ്മയ്ക്ക് ബോധമില്ലാത്തതിനാൽ കുഞ്ഞിനെ ഒന്നു കാണാൻപോലും കഴിഞ്ഞുമില്ല… പിറ്റേന്ന് ഏതോ നേരത്ത് കണ്ണുതുറക്കുമ്പോൾ കുഞ്ഞിനെ കാണിച്ചുകൊണ്ട് അയ്യപ്പൻ ഡോക്ടർ പറയുന്നുണ്ടായിരുന്നു ഒത്തിരി കഷ്ടപ്പെട്ടെങ്കിലെന്താ നല്ലൊരു കുഞ്ഞിനെ കിട്ടിയില്ലേ എന്ന്… അതെ അന്ന് ഒരുപാട് ബുദ്ദിമുട്ടുകൾ സഹിച്ചു പ്രസവിച്ചതാണ് അവനെ….ആ പ്രസവത്തോടെ വലിഞ്ഞു തൂങ്ങി വികൃതമായിപ്പോയ വീർത്ത വയറുമായി ഞാൻ എന്ന പതിനേഴുകാരി ജീവിച്ചത് ഇരുപത്തി മൂന്നു വർഷക്കാലം…എന്റെ കൗമാരവും യവ്വനവും ദുരിതത്തിലാഴ്ന്ന് പോയ നീണ്ട ഇരുപത്തി മൂന്നു വർഷങ്ങൾ…. കാണുന്നവരെല്ലാം ഗർഭിണിയാണോ എന്ന് ചോദിച്ചു കൊണ്ടേ ഇരുന്നു…അന്ന് നീരു വച്ചു വീർത്ത ശരീരത്തിൽ തൈറോയ്ഡും empty sella യും താണ്ഡവമാടി….എന്റെ കുഞ്ഞുങ്ങളെ എന്തെങ്കിലും കാര്യത്തിന് ഞാനൊന്നു വഴക്കുപറഞ്ഞാൽ ഭർത്താവിന്റെ വീട്ടുകാർ പറയുമായിരുന്നു അതുപിന്നെങ്ങനാ നൊന്തു പെറ്റതല്ലല്ലോ കീറിയെടുത്തതല്ലേന്ന്… കീറിയെടുത്തതിന്റെ മൂന്നാം നാൾ ഒരു നിമോണിയ പിടിപെട്ടു… അന്ന് നിർത്താതെ ചുമയ്ക്കുമ്പോൾ വീർത്തു വരുന്ന വയറിന്റെ തയ്യലുകൾ പൊട്ടിപ്പോകാതിരിക്കാൻ വയറു തുണികൊണ്ട് വലിച്ചുകെട്ടുകയും, ചുമയ്ക്കാൻ തുടങ്ങുമ്പോൾ ഭർത്താവും നഴ്സുമാരും ചേർന്നു തയ്യലോടെ വയറു ബലമായി അമർത്തി പിടിക്കുകയും ചെയ്യുമായിരുന്നു… അന്ന് ഞാനറിഞ്ഞ വേദനയും എന്റെ കണ്ണുകളിൽ നിന്നൊഴുകിയ ചോരയുടെ രുചിയുള്ള കണ്ണീരും ഇന്നും എനിക്ക് മറക്കാനാവില്ല…

ആ ചുമയിൽ എന്റെ ഉള്ളിൽ ഇട്ട സ്റ്റിച്ചുകൾ വിട്ടുപോയിരുന്നു എന്ന് ഞാനറിഞ്ഞത് എന്റെ രണ്ടാമത്തെ സിസേറിയനിൽ ആയിരുന്നു…. അന്ന് അവർക്ക് വയറു മാത്രം ഓപ്പൺ ചെയ്താൽ മതിയായിരുന്നു…. ബോഡി ഷെയിംമിങ്ങിന്റെ ഭീകരത ഞാൻ അറിഞ്ഞ നാളുകൾ ഇരുപത്തിരണ്ടു വയസുള്ള എന്റെ മുഖത്തു നോക്കി ഭർത്താവിന്റെ അമ്മായി പറഞ്ഞു. ഇതെന്തുവാ രണ്ടു പെറ്റപ്പോൾ പെണ്ണ് ഞങ്ങളുടെ ചെറുക്കനെ എടുത്തു വിഴുങ്ങുമെന്ന്….പതിനാറും പതിനേഴുമൊന്നുമായിരിക്കില്ല ഇവൾക്ക്, അവനെക്കാൾ മൂപ്പുണ്ടാവുമെന്ന്….തൊട്ടടുത്ത വീട്ടിലെ എന്റെ അനുജന്റെ പ്രായം മാത്രമുള്ള ഒരുപാട് തടിയുള്ള ചെക്കനെ ,കൈക്കുഞ്ഞുമായിരിക്കുന്ന എന്നെ നോക്കി ഇവൾക്ക് ചേരുന്നത് അവനെപ്പോലൊരുത്താനായിരുന്നു എന്നു പറഞ്ഞു…ഇക്കയുടെ സുന്ദരിയായ മുറപ്പെണ്ണിനെ വേണ്ടെന്നു വച്ചതിനു പടച്ചവൻ തന്ന ശിക്ഷയായിരുന്നു ഞാനെന്നും തരം കിട്ടുമ്പോഴൊക്കെ എല്ലാരും പറഞ്ഞു…എന്നേക്കാൾ പത്തു വയസ്സ് കൂടുതൽ ഉള്ള ആളാണ് എന്റെ ഭർത്താവ്.

എന്നിട്ടും കൗമാരം തീരാത്ത എന്നെ നോക്കി കുത്തുവാക്കുകൾ അവർ പറഞ്ഞു കൊണ്ടേ ഇരുന്നു….എത്രയോ വർഷങ്ങൾ ആരെയൊക്കെയോ പേടിച്ചു വണ്ണം കുറയ്ക്കാൻ പട്ടിണി കിടന്നു…വയറു മറച്ചു പിടിക്കാൻ ചുരിദാറിന്റെ ഷാൾ മുട്ടോളം താഴ്ത്തി ഇട്ടു. സാരി കാണുന്നതേ ഭയമായിരുന്നു….അന്നത്തെ പ്രസവത്തോടനുബന്ധിച്ചുണ്ടായ എന്റെ കോംപ്ലിക്കേഷൻസ് എല്ലാം മാറിയത് രണ്ടു വർഷം മുൻപ് മെഡിക്കൽ കോളേജിൽ വച്ച് എനിക്ക് നടത്തിയ സർജറിയിൽ ആയിരുന്നു…ബ്രീച് പൊസിഷനിൽ അന്ന് കുഞ്ഞു കിടന്നപ്പോൾ എന്റെ കുടലിനുൾപ്പെടെ പ്രശ്നങ്ങൾ സംഭവിച്ചിരുന്നു. അതിന് മെഷ് ഇട്ടു. വയറു പ്ലാസ്റ്റിക് സർജറി ചെയ്തു….എന്റെ ജീവനും ജീവിതവും തിരിച്ചു തന്ന എന്റെ രണ്ടു ഭിഷ്വഗരന്മാർ….Dr. അയ്യപ്പൻ നായരും…Dr. അനിരാജ് സാറും….സാർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ ഉണ്ട്‌.എന്റെ സന്തോഷങ്ങളെല്ലാം നോക്കി കണ്ടുകൊണ്ട്…പത്തൊൻപത് വയസ്സിലെയും നൽപ്പത്തിനാലു വയസ്സിലെയും ചിത്രങ്ങൾ ആണ് ചുവടെ….