സ്നേഹം എന്നിൽ മാറ്റങ്ങൾ വരുത്തുമെന്ന് മഹാലക്ഷ്മി തെളിയിച്ചു- രവീന്ദർ

 

നടി മഹാലക്ഷ്മിയും തമിഴ് സിനിമ നിർമ്മാതാവുമായ രവിന്ദർ ചന്ദ്രശേഖരനും അടുത്തിടെയാണ് വിവാഹിതരായത്. തിരുപ്പതിയിൽവെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രവീന്ദർ നിർമ്മിച്ച വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില് മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. വിവാഹ ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ മോശം കമന്റുകളുമായി നിരവധിപ്പേരാണ് രം​ഗത്തെത്തിയിരുന്നത്.

ഇപ്പോഴിതാ രവീന്ദർ ഭാര്യയെക്കുറിച്ച്‌ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘വേദനയില്ലാതെ ജീവിതമില്ല. ഒരു വഴിയുമില്ലാത്ത ജീവിതവുമില്ല. എന്റെ പെണ്ണ് എനിക്കത് മനസ്സിലാക്കിത്തന്നു. എന്റെ മണ്ടത്തരങ്ങൾക്കൊന്നും അവൾ സമ്മതം പറഞ്ഞിരുന്നില്ല. പക്ഷെ സ്നേഹം എന്നിൽ മാറ്റങ്ങൾ വരുത്തുമെന്ന് അവൾ തെളിയിച്ചു,’ രവീന്ദർ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ. നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി. ലവ് യു മോർ എന്നാണ് രവീന്ദറിന്റെ ഭാര്യ മഹാലക്ഷ്മി കമന്റ് ചെയ്തത്.ഭാര്യയോടൊപ്പമുള്ള ഫോട്ടോകൾ രവീന്ദർ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഭാര്യയോടുള്ള സ്നേഹം തുറന്ന് പ്രകടിപ്പിക്കാനും രവീന്ദർ മടിക്കാറില്ല. രവീന്ദറാണ് ആദ്യം തന്റെ പ്രണയം മഹാലക്ഷ്മിയോട് പറയുന്നത്. എന്നാൽ അന്ന് മഹാലക്ഷ്മി ഈ പ്രൊപ്പോസൽ നിരസിച്ചു. പിന്നീട് ഇരുവരും സുഹത്തുക്കളായി ഇതിന് ശേഷമാണ് മഹാലക്ഷ്മിക്ക് മനം മാറ്റം വരുന്നത്. രവീന്ദറുമായുള്ള വിവാഹത്തിന് മഹാലക്ഷ്മി സമ്മതിച്ചു. വിവാഹത്തിന് കുടുംബത്തിന്റെയും പിന്തുണ ലഭിച്ചു.

തന്റെ ശരീര ഭാരത്തിൽ ആത്മവിശ്വാസക്കുറവുണ്ടായിരുന്നെന്ന് രവീന്ദർ തന്നെ മുമ്ബ് പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുമ്ബ് വിദേശത്ത് ചികിത്സ നടത്തി എങ്ങനെയെങ്കിലും വണ്ണം കുറച്ച്‌ വരാമെന്ന് പറഞ്ഞതാണ്. എന്നാൽ മഹാലക്ഷ്മിയാണ് ഇത് വേണ്ടെന്ന് പറഞ്ഞതെന്നും രവീന്ദർ അന്ന് വ്യക്തമാക്കി.

ആരോഗ്യം സംരക്ഷിക്കാനാണെങ്കിൽ തടി കുറയ്ക്കാം. അതിനപ്പുറം വിവാഹത്തിന് വേണ്ടി തടി കുറയ്ക്കേണ്ടതില്ലെന്നാണ് മഹാലക്ഷ്മി പറഞ്ഞത്.ഇന്നും നിരവധി പേർ രവീന്ദറിനെ പരിഹസിക്കുന്നുണ്ടെങ്കിലും മഹാലക്ഷ്മിയുടെ പിന്തുണ ഇദ്ദേഹത്തിനൊപ്പമുണ്ട്.സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരും രവീന്ദറിനും മഹാലക്ഷ്മിക്കുമുണ്ട്. ബോഡി ഷെയ്മിംഗ് നിറഞ്ഞ സമൂഹത്തിൽ നിങ്ങൾ മാതൃകയാണെന്നാണ് ആരാധകർ പറയുന്നത്. വിവാഹ ശേഷം ഇരുവരും സന്തോഷകരമായി ജീവിക്കുന്നതും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഭർത്താവിനെ മാത്രമല്ല ആരെയും അവരുടെ ശരീരത്തിന്റെ പേരിൽ കളിയാക്കരുതെന്നും മഹാലക്ഷ്മി നേരത്തെ വ്യക്തമാക്കിയിരുന്നു