‘രാജിക്ക് തയ്യാർ; ഔദ്യോഗിക വസതി ഒഴിഞ്ഞു, ഹിന്ദുത്വത്തിനായുള്ള പോരാട്ടം തുടരും’ – ഉദ്ധവ്

മുംബൈ/ മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താന്‍ രാജിക്ക് തയ്യാറാണെന്നു ഉദ്ധവ് അധികാരത്തോട് ആര്‍ത്തിയില്ല. സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടാല്‍ ഒഴിയും. വിമതര്‍ക്ക് വേണ്ടി സ്ഥാനത്ത് തുടരാന്‍ തയ്യാറല്ല. ഔദ്യോഗിക വസതി ഒഴിയും.താക്കറെ ഫേസ് ബുക്ക് ലൈവിലൂടെ പറഞ്ഞു.

തന്നെ ആവശ്യമില്ലാത്തവര്‍ക്ക് പദവി ഒഴിയണമെന്ന് നേരിട്ട് പറയാമായിരുന്നു. മുഖ്യമന്ത്രി പദവിയോട് ഒരു ആര്‍ത്തിയുമില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയുന്നു. ശിവസേന മേധാവി സ്ഥാനത്ത് നിന്ന് മാറാനും തയ്യാറാണ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഉദ്ധവ് രാജി സന്നദ്ധത അറിയിച്ചത്.

ചില എംഎല്‍എമാരെ കാണാനില്ല. ചില എംഎല്‍എമാരെ സൂറത്തില്‍ കണ്ടു. ചില എംഎല്‍എമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നു. എംഎല്‍മാര്‍ പറഞ്ഞാല്‍ രാജിവയ്ക്കാന്‍ താന്‍ തയ്യാറാണ്. ഇത് നമ്പറുകളെ കുറിച്ചല്ല. ഇപ്പോള്‍ നിരവധിപേര്‍ തനിക്ക് എതിരാണ്. ഒരു എംഎല്‍എ തനിക്കെതിരെ നിന്നാല്‍പ്പോലും അത് മാനക്കേടാണെന്നു താക്കറെ പറഞ്ഞു.

തന്റെ വസതിയിലെത്തി രാജിക്കത്ത് വാങ്ങി രാജ് ഭവനില്‍ എത്തിക്കാന്‍ തയ്യാറാകുന്ന എംഎല്‍എയ്ക്ക് താന്‍ രാജിക്കത്ത് നൽകും. ഭരണപരിചയമില്ലാതെ യാണ് ഞാൻ മുഖ്യമന്ത്രിയായത്. കോവിഡ് അടക്കം എല്ലാ വെല്ലുവിളികളെയും നേരിട്ടു. ശിവസേനയും ഹിന്ദുത്വയും ഒന്നാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വീഴ്ച വരുത്തിയിട്ടിമല്ല. താന്‍ ബാല്‍ താക്കറെയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തതെന്നും താക്കറെ പറഞ്ഞു.

ഏക്‌നാഥ് ഷിന്‍ഡെ നേടിയതെല്ലാം ബാലാസാഹിബിന്റെ ആശയങ്ങളുടെ തുടര്‍ച്ചയായിട്ടാണ്. ബാലാസാഹിബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിന് വേണ്ടി പോരാട്ടം തുടരും. തന്നെ മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചത് ശരദ് പവാറാണ്. ഇല്ലെങ്കില്‍ സർക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന് പവാര്‍ പറയുകയായിരുന്നു.