സംസ്ഥാനത്ത് ഇന്ന് റെക്കോഡ് വാക്‌സിനേഷന്‍; 4.5 ലക്ഷം പേര്‍ക്ക് നല്‍കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് ഇതുവരെ 4,53,339 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്.

ഇന്ന് വന്ന 38,860 ഡോസ് കോവാക്‌സിന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്‌സിന്‍ മാത്രമാണ് സ്‌റ്റോക്കുള്ളത്. ഞായറാഴ്ച എല്ലാവര്‍ക്കും എടുക്കാന്‍ പോലും തികയില്ല. ഞായറാഴ്ച കൂടുതല്‍ വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ അനിശ്ചിതത്വത്തിലാകുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളം 10 ലക്ഷം വാക്‌സിന്‍ പൂഴ്ത്തിവച്ചിരിക്കുന്നു എന്ന പ്രചാരണത്തിന്റെ പൊള്ളത്തരം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പേരാളികള്‍ക്കുമുള്ള ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനത്തിലെത്തിച്ചു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ ഒരു ദിവസം 4 ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണ്.