വിവാഹപൂർവ ലൈം​ഗിക ബന്ധം നിരോധിക്കുന്നു, ലംഘിച്ചാൽ ശിക്ഷ

വിവാഹപൂർവ ലൈം​ഗിക ബന്ധം നിരോധിച്ച് നിയമം പാസാക്കാനൊരുങ്ങി ഇന്തോനേഷ്യൻ സർക്കാർ. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭാര്യയോ ഭർത്താവോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധം നിരോധിക്കുകയും നിയമം ലംഘിക്കുന്നവർക്ക് വ്യഭിചാരക്കുറ്റത്തിന് ഒരുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തരത്തിൽ നിയമ നിർമാണം നടത്താനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും.

വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഭർത്താവിൽ നിന്നോ ഭാര്യയിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ പരാതിയുണ്ടെങ്കിൽ കേസെടുക്കും. വിചാരണ കോടതിയിൽ വിചാരണ ആരംഭിക്കും മുമ്പേ പരാതികൾ പിൻവലിക്കാം. മൂന്ന് വർഷം മുമ്പും ഈ നിയമം പാസാക്കാൻ നീക്കം നടന്നെങ്കിലും രാജ്യവ്യാപക പ്രതിഷേധത്തെ തുടർന്ന് നീക്കം പിൻവലിക്കുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് അന്ന് ബില്ലിനെതിരെ തെരുവിലിറങ്ങിയത്. ഇന്തോനേഷ്യൻ മൂല്യങ്ങൾക്ക് അനുസൃതമായ നിയമമാണ് നിർമിക്കുന്നതെന്നും അതിൽ അഭിമാനിക്കുന്നുവെന്നും ഇന്തോനേഷ്യയുടെ ഡെപ്യൂട്ടി ജസ്റ്റിസ് മന്ത്രി എഡ്വേർഡ് ഒമർ ഷെരീഫ് ഹിയാരിയ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. സ്ത്രീകൾ, മതന്യൂനപക്ഷങ്ങൾ, എൽജിബിടി വിഭാ​ഗം എന്നിവരോട് വിവേചനം വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പുതിയ ക്രിമിനൽ കോഡ് പാസായാൽ ഇന്തോനേഷ്യൻ പൗരന്മാർക്കും വിദേശികൾക്കും ഒരുപോലെ ബാധകമാകും നിയമം.

പ്രസിഡന്റിനെയോ സർക്കാർ സ്ഥാപനങ്ങളെയോ അപമാനിക്കുകയോ ഇന്തോനേഷ്യൻ മൂല്യത്തിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യരുതെന്നും വിവാഹത്തിന് മുമ്പുള്ള സഹവാസവും നിരോധിക്കുകയാ ണെന്നും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള ഇന്തോനേഷ്യയുടെ പ്രതിച്ഛായയെ പുതിയ നിയമങ്ങൾ ബാധിക്കുമെന്ന ആശങ്ക വ്യാവസായിക രം​ഗത്തുള്ളവർ പ്രകടിപ്പിച്ചിട്ടുണ്ട്.