മോദിക്കെതിരെ മോശം പരാമര്‍ശം, ദേശിയ ബാലാവകാശ കമ്മീഷന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി..

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ഒരു കൂട്ടം കുട്ടികള്‍ മോശം വാക്കുകള്‍ പ്രയോഗിച്ച പശ്ചാത്തലത്തില്‍ ദേശിയ ബാലാവകാശ കമ്മീഷന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി..

ഉത്തര്‍ പ്രദേശിലെ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഒരു കൂട്ടം ആണ്‍കുട്ടികള്‍ മോശം വാക്കുകള്‍ പ്രയോഗിച്ചത്.ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ തിരഞ്ഞെടുപ്പു കമ്മീഷന് കത്തെഴുതിയത്… കുട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാലാവകാശ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരിക്കുന്നത്.

പരാതി ലഭിച്ചെന്നും അതിനൊപ്പം ലഭിച്ച വീഡിയോ ലിങ്കില്‍നിന്നും കുട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുന്നത് കാണാമെന്നും ബാലാവകാശ കമ്മീഷന്‍ കത്തില്‍ പറയുന്നു. കുട്ടികള്‍ അപമാനകരവും അസഭ്യവുമായ പരാമര്‍ശങ്ങള്‍ പ്രിയങ്കയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിക്കെതിരെ നടത്തുന്നത് കാണാമെന്നും ബാലാവകാശ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസം ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിക്ക് വേണ്ടിയായിരുന്നു പ്രിയങ്ക അമേത്തിയിലെത്തിയത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന അര്‍ഥം വരുന്ന ചൗക്കിദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യവുമായി കുറച്ചധികം കുട്ടികള്‍ പ്രിയങ്കയെ വരവേറ്റു. അത് ആസ്വദിച്ച് പുഞ്ചിരിയോടെ പ്രിയങ്ക നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ചൗക്കിദാര്‍ ചോര്‍ ഹേയില്‍ നിന്ന് മാറി മോദിക്കെതിരെ പിന്നെ നേരിട്ട് മുദ്രാവാക്യവും മോശം പരാമര്‍ശ വിളിയും തുടങ്ങിയത്..