20 കൊല്ലമായി സെലിബ്രേറ്റികൾക്ക് മേക്കപ്പിടുന്നു ഇനി സംവിധായക,രഞ്ജു ര​ഞ്ജിമാർ

സെലിബ്രിറ്റി മേക്ക് അപ്പ് ആർടിസ്റ്റ്, ട്രാൻസ്ഡെൻഡർ ആക്ടിവിസ്റ്റ്, മോഡൽ എന്നിങ്ങനെ നിരവധി മേഖലയിൽ തിളങ്ങി നിൽക്കുന്ന രഞ്ജു രഞ്ജിമാർ സംവിധാനത്തിലേക്ക്. 20 വർഷമായി സിനിമാരംഗത്ത് സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന രഞ്ജു രഞ്ജിമാർ തന്റെ പതിനെട്ടാം വയസിലുണ്ടായ ഒരു അനുഭവമാണ് സിനിമയാക്കുന്നത്. ‘കുട്ടിക്കൂറ’ എന്ന പേരിട്ട സിനിമ ഒരാഴ്ചക്കുള്ളിൽ കൊച്ചിയിൽ ഷൂട്ടിംഗ് ആരംഭിക്കും.

താൻ ഒരിക്കലും സംവിധായികയാകുമെന്ന് വിചാരിച്ചിട്ടില്ലെന്നും സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുമ്പോഴൊക്കെയും ഇങ്ങനെ ഒരു ലക്ഷ്യം ഉണ്ടായിരുന്നില്ലെന്നും രഞ്ജു പറയുന്നു. അവിചാരിതമായി ഇത് എന്നിലേക്ക് എത്തിപ്പെടുകയായിരുന്നുവെന്നാണ് രഞ്ജു പറയുന്നു. ഒരു ഷോർട്ഫിലിം മത്സരത്തിന്റെ ഭാഗമായി കഥ അയച്ചിരുന്നു. സെലക്ട് ചെയ്യപ്പെടുന്ന മൂന്ന് കഥകൾ അവർ നിർമിക്കുമെന്നാണ് അറിയിച്ചിരുന്നത്. എനിക്ക് ലഭിച്ചത് നാലാം സ്ഥാനമാണ്. പക്ഷേ, ആ കഥ എന്റെ മനസിൽ എപ്പോഴും ഉണ്ടായിരുന്നു. ഇത് സിനിമയാക്കാം എന്ന് അന്നേ തോന്നിയിരുന്നുവെന്നും രഞ്ജു മനസ്സു തുറക്കുന്നു,

മാതൃത്വം വിഷയമാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും രഞ്ജു രഞ്ജിമാർ തന്നെയാണ്. തന്റെ പതിനെട്ടാം വയസിൽ ഒരു സ്ഥലത്ത് വീട്ടു ജോലിക്ക് നിന്നിരുന്നു. അവിടെയുള്ള ഇളയ കുഞ്ഞുമായി തനിക്ക് വലിയ ആത്മബന്ധമുണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ഞു, ഇപ്പോൾ അവർ എവിടെയാണെന്ന് അറിയില്ല എന്നാണ് രഞ്ജു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ഏറെ അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. അന്നത്തെ ഓർമ്മകൾ ചേർത്താണ് സിനിമ ഒരുക്കുന്നതെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു. ചിത്രത്തിൽ പ്രധാന വേഷത്തിൽ രഞ്ജു വേഷമിടും. മറ്റൊരു ട്രാൻസ്‌ജെൻഡർ കഥാപാത്രമായി ഹരിണി ചന്ദനയും വേഷമിടും. പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കും.

18-ാം വയസിൽ എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം തന്നെയാണ് സിനിമയ്ക്ക് വിഷയമാകുന്നത്. ഇതേക്കുറിച്ച് സിനിമാപ്രവർത്തകരിൽ തന്നെ പലരോടും സംസാരിച്ചിരുന്നുവെന്നും. അവരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും രഞ്ജു പറയുന്നു. സ്ക്രിപ്റ്റുമായി ലാൽ ജോസ് സാറിനെ കണ്ടിരുന്നു. അദ്ദേഹവും നല്ല അഭിപ്രായമാണ് പറഞ്ഞത്. ഉറപ്പായും മുന്നോട്ടുപോകാം എന്നു പറഞ്ഞ് എല്ലാം പിന്തുണയും തന്നുവെന്നും രഞ്ജു പറയുന്നു. നടി മുക്തയേയും ചിത്രത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും രഞ്ജു പറയുന്നു. ഈ മാസം 22ന് രഞ്ജുവിന്റെ വീട്ടിൽ വച്ച് സംവിധായകൻ ലാൽ ജോസ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ചിത്രീകരിച്ച് നവംബർ 27ന് തന്റെ ജൻമദിനത്തിൽ പുറത്തിറക്കാനാണ് ശ്രമമെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.