ചെലവ് ചുരുക്കല്‍ പദ്ധതി; പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണം ഒരു വര്‍ഷത്തേക്ക് നിര്‍ത്തി

കനത്ത സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണികളും ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് .ശ്രീകോവിലുകളുടെ നിര്‍മ്മാണം,ക്ഷേത്രങ്ങളിലെ അടിയന്തിര നിര്‍മ്മാണജോലി എന്നിവയ്ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ തീര്‍ഥാടനകാലത്തു ശബരിമലയിലുണ്ടായ വരുമാനനഷ്ടം മറ്റു ക്ഷേത്രങ്ങളുടെ നിലനില്‍പ്പിനെയും ബോര്‍ഡ് ഏറ്റെടടുത്തിരിക്കുന്ന നിര്‍മാണ ജോലികളെയും സാരമായി ബാധിച്ചു. പ്രളയത്തില്‍ ഏകദേശം 200 ക്ഷേത്രങ്ങള്‍ക്കാണു കാര്യമായ പുനര്‍നിര്‍മാണം വേണ്ടിവരുന്നത്. അഞ്ഞൂറിലേറെ ക്ഷേത്രങ്ങള്‍ക്ക് അറ്റകുറ്റപ്പണിയും വേണം.

എന്നാല്‍ പണമില്ലാത്തതുകൊണ്ട് പുതിയ തസ്തിക സൃഷ്ടിക്കുന്നതും,തസ്തിക ഭേദഗതികളും നിര്‍ത്തിവച്ചു . ഉദ്യോഗസ്ഥ തലത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതും തടഞ്ഞു . കഴിഞ്ഞ കുറച്ചുമാസങ്ങളായി ഭണ്ഡാരവരവില്‍ ഗണ്യമായ കുറവ് അനുഭവപ്പെടാറുണ്ട് .ശബരിമലയില്‍ നിന്നുള്ള വരുമാനമാണ് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളെ പിടിച്ചു നിര്‍ത്തുന്നത് . എന്നാല്‍ ആചാര ലംഘനം നടത്തി യുവതികളെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു ഭക്തര്‍ കാണിക്ക ബഹിഷ്‌ക്കരണത്തിലൂടെയാണ് തിരിച്ചടി നല്‍കിയത് . മുന്‍ വര്‍ഷത്തേക്കാള്‍ 98.66 കോടി രൂപ കുറവായിരുന്നു ഇക്കുറി വരുമാനം .